ദമാം: ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖത്ത് പുതിയ ലോജിസ്റ്റിക്‌സ് സോൺ സ്ഥാപിക്കാനുള്ള കരാറിൽ സൗദി പോർട്ട്‌സ് അതോറിറ്റിയും അബ്ദുല്ലത്തീഫ് അൽഈസ ഹോൾഡിംഗ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അൽഈസ യൂനിവേഴ്‌സൽ മോട്ടോഴ്‌സും കരാർ ഒപ്പുവെച്ചു.
സൗദി പോർട്ട്‌സ് അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് മാസിൻ അൽതുർക്കിയും അബ്ദുല്ലത്തീഫ് അൽഈസ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അബ്ദുല്ല അൽഈസയുമാണ് കരാറിൽ ഒപ്പുവെച്ചത്. 30 കോടി റിയാൽ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് സോൺ വാഹന, സ്‌പെയർ പാർട്‌സ് ഇറക്കുമതിക്കും പുനർകയറ്റുമതിക്കും ഉപയോഗിക്കും.
ആകെ 3,82,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ലോജിസ്റ്റിക്‌സ് സോണിൽ സ്‌പെയർ പാർട്‌സ് സംഭരണത്തിനായി 7,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വെയർഹൗസും 13,000 ലേറെ കാറുകളും ട്രക്കുകളും കൈകാര്യം ചെയ്യാനുള്ള ശേഷിയോടെ സജ്ജീകരിക്കുന്ന ലോജിസ്റ്റിക്‌സ് ഏരിയയും ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നതിലൂടെ ദമാം തുറമുഖത്തിന്റെ മത്സര ശേഷിയും ഒരു പ്രാദേശിക ലോജിസ്റ്റിക് ഹബ് എന്ന നിലയിലുള്ള സ്ഥാനവും വർധിപ്പിക്കാനും, സാമ്പത്തിക വികസനത്തെ പിന്തുണക്കുന്നതിലും സാമ്പത്തിക വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിലും സ്വകാര്യ മേഖലയുടെ സംഭാവന വർധിപ്പിക്കാനും ഈ കരാർ സഹായിക്കും.
തുറമുഖങ്ങൾക്കകത്തും പുറത്തും ലോജിസ്റ്റിക്‌സ് സോണുകൾ സ്ഥാപിക്കുക, ദേശീയ വികസന പ്രക്രിയയുമായി പൊരുത്തപ്പെടുന്നതിന് വളരെ കാര്യക്ഷമമായ ലോജിസ്റ്റിക്‌സ് സേവനങ്ങൾ നൽകുക, സൗദി വിഷൻ 2030 അനുസരിച്ച് രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക അഭിലാഷങ്ങളെ പിന്തുണയ്ക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക എന്നിവ ഉന്നമിടുന്ന ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സേവന തന്ത്രത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട അതോറിറ്റിയുടെ സംരംഭങ്ങളുടെ ഭാഗമാണ് ദമാം തുറമുഖത്തെ പുതിയ ലോജിസ്റ്റിക്‌സ് സോൺ.
സൗദി അറേബ്യയെ ആഗോള സമ്പദ് വ്യവസ്ഥകളുമായി ബന്ധിപ്പിക്കുന്നതിൽ ദമാം കിംഗ് അബ്ദുൽ അസീസ് തുറമുഖം പ്രധാന പങ്ക് വഹിക്കുന്നു. പ്രധാന അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുന്ന സംയോജിത അടിസ്ഥാന സൗകര്യങ്ങളും ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും ഇവിടെയുണ്ട്.