ലണ്ടൻ: ടോട്ടനം ഹോട്‌സ്പറിനെ ഒന്നിനെതിരെ അഞ്ചു ഗോളിന് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിലെ മുത്തം വർണാഭമാക്കി. ആൻഫീൽഡിലെ സ്വന്തം ആരാധകർക്കു മുന്നിൽ ലൂയിസ് ഡിയാസ്, അലക്‌സിസ് മക്അലിസ്റ്റർ, കോഡി ഗാക്‌പോ, മുഹമ്മദ് സലാഹ് എന്നിവർ ചെമ്പടയുടെ ഗോളുകൾ നേടിയപ്പോൾ ഡെസ്റ്റിനി ഉഡോഗിയുടെ സെൽഫ് ഗോൾ ടോട്ടനത്തിന് തിരിച്ചടിയായി. ഡൊമിനിക് സോളങ്കിയാണ് സന്ദർശകരുടെ ആശ്വാസ ഗോൾ നേടിയത്. ലീഗിൽ നാല് മത്സരങ്ങൾ കൂടി അവശേഷിക്കവെ, 15 ഗോൾ ലീഡ് സ്വന്തമായതോടെയാണ് ചെമ്പട കിരീടമണിയുന്നത്.
2019-20 സീസണിൽ കോച്ച് യുർഗൻ ക്ലോപ്പിന് കീഴിൽ ആദ്യമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ലിവർപൂളിന്റെ രണ്ടാം ിരീടമാണിത്. ഇംഗ്ലീഷ് ഫുട്‌ബോളിലെ പരമോന്നത കിരീടം ഇരുപതാം തവണ സ്വന്തമാക്കുന്ന ചെമ്പട ആ നേട്ടത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമെത്തി. തന്റെ കന്നി സീസണിൽ തന്നെ ലിവർപൂളിനെ കിരീടമണിയിക്കാനായി എന്നത് കോച്ച് ആർനെ സ്ലോട്ടിന്റെ കിരീടത്തിലെ പൊൻതൂവലായി.
പ്രിയപ്പെട്ട ടീമിന്റെ കിരീടധാരണം കാണാൻ ഒഴുകിയെത്തിയ ലിവർപൂൾ ആരാധകരെ ഞെട്ടിച്ച് 12-ാം മിനുട്ടിൽ ടോട്ടനം ഹോട്‌സ്പർ മുന്നിലെത്തിയിരുന്നു. ജെയിംസ് മാഡിസന്റെ കോർണർ കിക്കിൽ ഉയർന്നുചാടി ഹെഡ്ഡറുതിർത്ത് സോളങ്കിയാണ് ഗാലറിയെ നിശ്ശബ്ദമാക്കിയത്. എന്നാൽ, സന്ദർശകരുടെ സന്തോഷത്തിന് അധികായുസ്സുണ്ടായില്ല. 16-ാം മിനുട്ടിൽ സൊബോസലായുടെ പിൻപോയിന്റ് പാസ് നിഷ്പ്രയാസം ലക്ഷ്യത്തിലെത്തിച്ചത് ലൂയിസ് ഡിയാസ് ആരവങ്ങൾ വീണ്ടെടുത്തു.
24-ാം മിനുട്ടിൽ അക്അലിസ്റ്റർ ലിവർപൂളിനെ മുന്നിലെത്തിച്ചു. ബോക്‌സിനു പുറത്തുനിന്ന് അർജന്റീനാ താരം തൊടുത്ത പൊള്ളുന്ന ഷോട്ടിന് ടോട്ടനം ഗോൾകീപ്പർക്ക് മറുപടിയുണ്ടായിരുന്നില്ല. പത്തു മിനുട്ടിനു ശേഷം കോഡി ഗോക്‌പോ ലീഡുയർത്തി. മക്അലിസ്റ്റർ എടുത്ത കോർണർ കിക്ക് ക്ലിയർ ചെയ്യുന്നതിൽ ടോട്ടനം കളിക്കാർക്ക് പിഴച്ചപ്പോൾ പന്ത് കാൽക്കലാക്കി നിയന്ത്രിച്ച് ഗാക്‌പോ വെടിപൊട്ടിക്കുകയായിരുന്നു. ഹാഫ് ടൈമിൽ ലിവർപൂൾ 3-1 ന് മുന്നിലായിരുന്നു.
63-ാം മിനുട്ടിൽ മുഹമ്മദ് സലാഹും ഗോൾപട്ടികയിൽ തന്റെ പേര് ചേർത്തു. സബോസലായിൽ നിന്ന് പന്ത് സ്വീകരിച്ച സലാഹ് തന്റെ ട്രേഡ്മാർക്ക് ശൈലിയിൽ അകത്തേക്ക് കട്ട് ചെയ്ത് തൊടുത്ത ഇടങ്കാലൻ ഷോട്ട് തടയാൻ ഗോൾകീപ്പർക്ക് കഴിഞ്ഞില്ല. ലീഗ് സീസണിൽ 28-ാമത്തെയും ലിവർപൂളിനു വേണ്ടിയുള്ള 244-ാമത്തെയും ഗോളായിരുന്നു സലാഹിനിത്. 69-ാം മിനുട്ടിൽ ഗോൾവരയിൽ സലാഹിന് പന്തുകിട്ടുന്നത് തടയാനുള്ള ശ്രമത്തിൽ ഡെസ്റ്റിനി ഉഡോഗി സ്വന്തം വലയിൽ പന്തെത്തിച്ചതോടെ ടോട്ടനത്തിന്റെ വിധി പൂർണമായി.