അബുദാബി: ലുലു റീട്ടെയ്ൽ നിക്ഷേപകർക്ക് 85 ശതമാനം ലാഭവിഹിതം നൽകുമെന്ന് ചെയർമാൻ എം.എ. യുസഫ് അലി അറിയിച്ചു. അബുദാബിയിൽ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ലാഭ വിഹിതം നൽകുന്നതിന് 720.8 കോടി രൂപ(8.44 കോടി ഡോളർ)യാണ് നീക്കിവെച്ചിട്ടുള്ളത്. 85% ലാഭവിഹിതമാണ് നിക്ഷേപകർക്ക് നൽകുക.75 ശതമാനം ലാഭ വിഹിതം നൽകുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം.
വാർഷിക ജനറൽ മീറ്റിങ്ങിലെ പ്രഖ്യാപനത്തോടെ പത്ത് ശതമാനം അധികം ലാഭവിഹിതമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ പ്രഖ്യാപനമെന്നും നിക്ഷേപകർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും എം.എ. യൂസഫലി വ്യക്തമാക്കി.
ഭാവി വളർച്ച ലക്ഷ്യമാക്കി മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നത് എന്നും വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുന്നതോടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും യൂസഫലി പറഞ്ഞു.
2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച നേടി. 7.62 ബില്യൺ ഡോളർ വരുമാനത്തോടെ 12.6 ശതമാനം അധിക വളർച്ചയാണ് നേടിയത്. അറ്റാദായം (നെറ്റ് പ്രോഫിറ്റ് ) 216.2 മില്യൺ ഡോളറിലെത്തി. ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്.
ഓൺലൈൻ രംഗത്ത് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ലുലു റീട്ടെയ്ൽ സ്വീകരിക്കുന്നത് എന്ന് ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ലുലു റീട്ടെയിലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ്, അബുദാബി സെക്യൂരിറ്റീസ് എക്സ് ചേഞ്ച് എന്നിവക്ക് ജനറൽ മീറ്റിങ്ങിൽ നന്ദി രേഖപ്പെടുത്തി.