തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന വിനീതയെ (38) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് വെള്ളമടം സ്വദേശി രാജേന്ദ്രന് (40) വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമേ 810500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ 4 ലക്ഷം മരിച്ച വിനീതയുടെ മക്കള്‍ക്ക് നല്‍കണം.
2022 ഫെബ്രുവരി 6ന് ചെടി വാങ്ങാന്‍ വന്നതെന്ന് പറഞ്ഞ് നഴ്‌സറിയിലേക്ക് കയറിച്ചെന്ന പ്രതി, വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തി നാല് പവന്‍ സ്വര്‍ണം കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു. ചെന്നൈ സ്വദേശിയായ രാജേന്ദ്രന്‍ തമിഴ്നാട്ടില്‍ പല കൊലപാതക കേസുകളില്‍ പ്രതിയായിരുന്നെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജേന്ദ്രന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ഒരു സാധ്യതയുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കാണിച്ച് കോടതി വധശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ പ്രോസിക്യൂഷനു സഹായകരമായത് സാഹചര്യ തെളിവുകളും ശാസ്ത്രീയ ഫൊറന്‍സിക് തെളിവുകളാണ്.