തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ നടി വിൻസി അലോഷ്യസിന്റെ ആരോപണം ശരിവച്ച് നടി അപർണ ജോൺസ്. നടനിൽനിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് ഷൈൻ മോശമായി പെരുമാറിയതും ഷൂട്ടിംഗിനിടയിൽ ലൈംഗികച്ചുവയോടെ സംസാരിച്ചതെന്നും നടി അപർണ ജോൺസ് വ്യക്തമാക്കി. ഷൈൻ സംസാരിക്കുമ്പോൾ വെളുത്ത പൊടി വായിൽ നിന്ന് വീഴുന്നുണ്ടായിരുന്നുവെന്നും അത് ലഹരിയാണോ എന്ന് അറിയില്ലെന്നും നടി പറഞ്ഞു.
‘വിൻസി അലോഷ്യസ് പങ്കുവച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. ഞാനും കൂടെ ഇരിക്കുമ്പോഴാണ് ഷൈൻ വെള്ളപ്പൊടി തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല. വിവരങ്ങൾ അമ്മ സംഘടനയ്ക്ക് കൈമാറിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ജീവിക്കുന്നതിനാൽ നിയമനടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുള്ളതായും’ അവർ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി.
സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നാണ് പോലീസ് കണ്ടെത്തൽ. അറിയുന്നതിനെക്കാൾ കൂടുതൽ പ്രശ്‌നങ്ങൾ പുറംലോകമറിയാതെ പോകുന്നതായും വിലയിരുത്തലുണ്ട്. ലൊക്കേഷനും കാരവനും ഹോട്ടലുമെല്ലാം മറകളാക്കി അഭിനേതാക്കൾ മുതൽ അണിയറപ്രവവർത്തകർ വരെ ലഹരി ഉപയോഗിക്കുകയാണ്. ക്ഷീണം കൂടാതെ കൂടുതൽ സമയം ജോലിയെടുക്കുന്നത് അടക്കം പല ലക്ഷ്യങ്ങൾ ലഹരി ഉപയോഗത്തിന് പിന്നിലുണ്ടെന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇതിന് തടയിടാൻ ഫലപ്രദമായ നടപടികളിലേക്ക് നീങ്ങാനാണ് പോലീസ് നീക്കം.