ലണ്ടൻ: കരുത്തരല്ലാത്ത ക്രിസ്റ്റൽ പാലസിനോട് സ്വന്തം തട്ടകത്തിൽ 2-2 സമനില വഴങ്ങിയതോടെ ആർസനലിന്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീട പോരാട്ടം കരുതിയതിലും നേരത്തെ, 34-ാം ആഴ്ചയിൽ തന്നെ അവസാനിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് കൂടി മതിയെന്ന നിലയിലുള്ള ലിവർപൂൾ അടുത്ത ഞായറാഴ്ച സ്വന്തം ഗ്രൗണ്ടായ ആൻഫീൽഡിൽ കപ്പുയർത്താനുള്ള സാധ്യത ശക്തമായി.
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ രണ്ടുതവണ ലീഡെടുത്ത ശേഷമാണ് ആർസനലിന് മിഡ്‌ടേബിൾ ടീമായ പാലസുമായി സമനിലയിൽ പിരിയേണ്ടി വന്നത്. മൂന്നാം മിനുട്ടിൽ മാർട്ടിൻ ഒഡേഗാഡിന്റെ ഫ്രീകിക്കിൽ നിന്ന് ഹെഡ്ഡറുതിർത്ത് ജാകുബ് കിവിയോർ ആതിഥേയരെ മുന്നിലെത്തിച്ചെങ്കിലും 27-ാം മിനുട്ടിൽ പാലസ് ഗോൾ തിരിച്ചടിച്ചു. ആദം വാർട്ടൻ എടുത്ത കോർണർ കിക്കിൽ നിന്നുള്ള എബറെഷി എസ്സെയുടെ വോളി ആർസനൽ പ്രതിരോധത്തെയും ഗോൾകീപ്പറെയും നിസ്സഹായരാക്കി വലയിലെത്തി. 42-ാം മിനുട്ടിൽ ലിയാന്ദ്രോ ട്രൊസ്സാർഡിലൂടെ വീണ്ടും മുന്നിലെത്തിയ ഗണ്ണേഴ്‌സ് ഹാഫ്‌ടൈമിന് കയറുമ്പോൾ 2-1 ന് മുന്നിലായിരുന്നു.
83-ാം മിനുട്ടിൽ ആർസനലിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് പാലസിന്റെ സമനില ഗോൾ വന്നത്. വില്ല്യം സലിബയുടെ ദുർബലമായ പാസ് പിടിച്ചെടുത്ത ഷോൺ ഫിലിപ്പ് മറ്റേറ്റ ബോക്‌സിനു പുറത്തുനിന്ന് ഉയർത്തിവിട്ട പന്ത്, സ്ഥാനം തെറ്റിനിന്ന ഗോൾകീപ്പർക്ക് അവസരം നൽകാതെ വലയിൽ ചെന്നു പതിച്ചു.
ഈ സീസണിൽ ലീഡിങ് പൊസിഷനിൽ നിൽക്കെ ആർസനൽ വഴങ്ങുന്ന ഒമ്പതാമത്തെയും അവസാനം കളിച്ച അഞ്ച് മത്സരങ്ങൾക്കിടെ മൂന്നാമത്തെയും സമനിലയായിരുന്നു ഇത്.
ലീഗിലെ മറ്റ് മിഡ് വീക്ക് മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൻവില്ലയെയും നോട്ടിങ്ഹാം ഫോറസ്റ്റ് ടോട്ടനം ഹോട്‌സ്പറിനെയും കീഴടക്കി.
വരുന്ന ഞായറാഴ്ച ടോട്ടനത്തിനെതിരെ തോൽക്കാതിരുന്നാൽ ലിവർപൂൾ കപ്പുയർത്തുമെന്ന് ഉറപ്പായെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്കു വേണ്ടിയുള്ള വേണ്ടിയുള്ള പോരാട്ടം ശക്തമാവുകയാണ്. 34 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുള്ള സിറ്റിയാണ് നിലവിൽ മൂന്നാമതെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് (60), ന്യൂകാസിൽ യുനൈറ്റഡ് (59), ചെൽസി (57) എന്നിവർ കടുത്ത ഭീഷണിയുമായി പിന്നാലെയുണ്ട്.