തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തു. നിലവിലെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് ചേർന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50-ാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂൺ വരെയാണ് ജയതിലകിന്റെ സർവീസ് കാലാവധി.
1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനും ധനവകുപ്പിൽ അഡീഷനൽ ചീഫ് സെക്രട്ടറിയുമാണ് എ ജയതിലക്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് പാസായ ശേഷമാണ് ജയതിലക് സിവിൽ സർവ്വീസിലേക്ക് വഴിമാറിയത്. ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് കലക്ടർ ബ്രോ എന്ന് വിശേഷിപ്പിക്കപ്പെട്ട എൻ പ്രശാന്തിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഇത് സംബന്ധിച്ച വിവാദങ്ങളിൽ ജയതിലക് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ സ്ഥാനം ഉറപ്പായ ശേഷവും വിവാദങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല.
കേരള കേഡറിലെ സീനിയർ ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര സർവീസിൽ നിന്ന് മടങ്ങാൻ തയ്യാറാകാതെ വന്നതോടെയാണ് ജയതിലകിന് ചീഫ് സെക്രട്ടറി അവസരം ലഭിച്ചത്. സർവ്വീസിൽ കയറുമ്പോൾ ചിഫ് സെക്രട്ടറിയായി വിരമിക്കുമെന്ന് ഒരിക്കലും നിശ്ചയിക്കാനാവില്ലെന്നും അതൊക്കെ സർവ്വീസ് ക്രമമനുസരിച്ച് നടക്കുന്നതാണെന്നും മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ ഡോ. എ ജയതിലക് മാധ്യമങ്ങളോടായി പ്രതികരിച്ചു. താൻ പിടിവാശിക്കാരനല്ല. കാര്യങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്കാണ് മുൻതൂക്കം നൽകുക. ദേശീയപാത വികസനം ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാക്കാനായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് ഏറെ നിർണായകമായി കരുതുന്ന വിഴിഞ്ഞം പദ്ധതിയുടെ വിപുലീകരണം, മാലിന്യമുക്ത കേരളം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. വയനാട് പുനരധിവാസം നിശ്ചിത സമയത്തിനകം പൂർത്തീകരിക്കുമെന്നും ഡോ. എ ജയതിലക് വ്യക്തമാക്കി.
സ്‌പൈസസ് ബോർഡ് ചെയർമാൻ, കൃഷിവകുപ്പ് സെക്രട്ടറി-ഡയറക്ടർ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ, ഛത്തീസ്ഗഢ് ടൂറിസം ബോർഡ് എം.ഡി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. കോഴിക്കോട്ടും കൊല്ലത്തും ജില്ലാ കലക്ടറുമായിരുന്നു. തിരുവനന്തപുരത്ത് പട്ടം കേന്ദ്രീയ വിദ്യാലയത്തിന് എതിര്വശത്ത് രാജലക്ഷമി നഗറിലെ ‘സാനിയ’യിൽ താമസിച്ചിരുന്ന ജയതിലക് 1990-ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പാസായി. പിറ്റേ വർഷം സിവിൽ സർവീസ് കിട്ടിയ അദ്ദേഹം കേരള ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ, ടൂറിസം ഡപ്യൂട്ടി സെക്രട്ടറി, അഡീഷനൽ ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസ് ഡയറക്ടർ എന്നീ നിലകളിൽ 1997-2001 കാലയളവിൽ പ്രവർത്തിച്ചു.
ശേഷം കൊല്ലം കലക്ടറായിരിക്കെയാണ് ഛത്തിസ്ഗഢിലേക്കു പോയത്. കോഴിക്കോട് കലക്ടറായിരിക്കെ മിഠായിത്തെരുവു ദുരന്തവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങൾക്കും പിന്നീടു പുനരധിവാസ, ക്ഷേമ പ്രവർത്തനങ്ങൾക്കുമൊക്കെ ജില്ലാ ഭരണകൂടം നല്കിയ മികവുറ്റ നേതൃത്വവും ശ്രദ്ധിക്കപ്പെട്ടിരുന്നു.