
പ്രധാനപ്പെട്ട 12 തുറമുഖങ്ങളും ഇരുനൂറിലധികം മറ്റു തുറമുഖങ്ങളുമായി 7,500 കിലോമീറ്ററോളമുള്ള തീരദേശ പാതയും ഒട്ടനവധി കടൽ ഗതാഗത സൗകര്യമുള്ള ഇന്ത്യ ഇന്ന് മാരിടൈം മേഖലയിൽ വലിയ കുതിപ്പിന് സാധ്യതയുള്ള രാജ്യമായിട്ടാണ് കണക്കാക്കപ്പെട്ടത്. രാജ്യത്തിന്റെ മൊത്തം വ്യാപാരമൂല്യത്തിന്റെ 65 ശതമാനവും കടൽഗതാഗതം ഉപയോഗപ്പെടുത്തിയാണ് നടക്കുന്നത് എന്നത് ഈ മേഖലയിലെ കരിയർ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ക്യാപ്റ്റൻ, എൻജിനീയർ, ലോജിസ്റ്റിക് മാനേജർ, കപ്പൽ നിർമാതാവ്, ഡിസൈനർ, പോർട്ട് മാനേജർ തുടങ്ങിയ പടവുകളിൽ ആഗോള തലത്തിലുള്ള കമ്പനികളിലടക്കം ജോലി ലഭിക്കാനുള്ള സാധ്യതകളാണ് മാരിടൈം കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നതിലൂടെ കൈവരുന്നത്.
സമുദ്രസംബന്ധമായ മേഖലയിൽ പരിശീലനവും വൈഭവമുള്ള മനുഷ്യവിഭവശേഷിയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കപ്പെട്ട കേന്ദ്ര സർവകലാശാലയാണ് ഇന്ത്യൻ മാരിടൈം സർവകലാശാല (ഐ.എം.യു). ചെന്നൈ, കൊച്ചി, കൊല്കത്ത, വിശാഖപട്ടണം, നവി മുംബൈ, മുംബൈ പോർട്ട് എന്നീ ക്യാംപസുകളിലായി വിവിധ കോഴ്‌സുകൾ നടത്തുന്നു. കൂടാതെ കൊച്ചിൻ യൂണിവേഴ്സിറ്റി സയൻസ് ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള കുഞ്ഞാലി മരക്കാർ സ്‌കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലെ ബി.ടെക് മറൈൻ എൻജിനീയറിങ് പ്രോഗ്രാമിന് പ്രവേശനത്തിന് അപേക്ഷിച്ചവരും ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ വഴി യോഗ്യത നേടണം
പ്ലസ്ടു കഴിഞ്ഞവർക്ക് ഐ.എം.യു ക്യാമ്പസുകളിൽ ലഭ്യമായ കോഴ്‌സുകൾ
- ബി.ടെക് മറൈൻ എൻജിനീയറിങ് (ചെന്നൈ, കൊൽക്കത്ത, മുബൈ പോർട്ട് ക്യാമ്പസുകൾ-4 വർഷം)
- ബി.ടെക് നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ് ( വിശാഖപട്ടണം ക്യാമ്പസ് – 4 വർഷം )
- ബി.ടെക് നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ് ( വിശാഖപട്ടണം ക്യാമ്പസ് – 4 വർഷം )
- ബി.എസ്.സി നോട്ടിക്കൽ സയൻസ് ( ചെന്നൈ, കൊച്ചി, നവി മുംബൈ ക്യാമ്പസുകൾ -3 വർഷം )
- ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻഡ് ( ചെന്നൈ, നവി മുംബൈ ക്യാമ്പസ് -1 വർഷം )
- ബിബിഎ ലോജിസ്റ്റിക് ആൻഡ് റീടൈലിങ് & ഇ കൊമേഴ്‌സ് ( ചെന്നൈ, കൊച്ചി ക്യാമ്പസ്-3 വർഷം )
- അപ്രെൻഷിപ്പ് എംബെഡ്ഡ്ഡ് ബിബിഎ- മാരിടൈം ലോജിസ്റ്റിക്സ്-(വിശാഖപട്ടണം ക്യാമ്പസ്- 3 വർഷം)
അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും പഠിക്കാം
ഐഎംയു ക്യാമ്പസുകൾക്ക് പുറമെ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 17 സ്ഥാപനങ്ങളിലും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അംഗീകരിച്ച മറ്റു സ്ഥാപനങ്ങളിലും മുകളിൽ കൊടുത്ത കോഴ്സുകൾ നടത്തുന്നുണ്ട് (എല്ലാ കോഴ്സുകളും എല്ലായിടത്തുമില്ല). പാലക്കാടും കൊച്ചിയിലും അഫിലിയേറ്റഡ് കോളേജുകളുണ്ട്.
പ്രവേശനം എൻട്രൻസ് വഴി: മേയ് 2 വരെ അപേക്ഷിക്കാം
ബിബിഎ ഒഴികെയുള്ള കോഴ്സുകളിലെ പ്രവേശനം എൻട്രൻസ് അടിസ്ഥാനത്തിലാണ്. ബിബിഎ കോഴ്സിന് പ്ലസ്ടുവിന് ഏതു വിഷയമെടുത്ത് പഠിച്ചവർക്കും അപേക്ഷിക്കാമെങ്കിലും മറ്റു കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് പ്ലസ്ടു പൂർത്തിയാക്കണം. ഇതിനു പുറമെ വിവിധ ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകളും നിലവിലുണ്ട്. ബി.ടെക്, ബി.എസ്.സി നോട്ടിക്കൽ സയൻസ്, ഡിപ്ലോമ ഇൻ നോട്ടിക്കൽ സയൻസ് എന്നിവ റെസിഡൻഷ്യൽ പ്രോഗ്രാമുകളാണ്
മേയ് 24 നു നടക്കുന്ന ബിരുദ പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷക്ക് (ഐഎംയു-സിഇടി) മേയ് 2 വരെ ഓൺലൈനായി www.imu.edu.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ളീഷ്, അഭിരുചി, ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ പ്രതീക്ഷിക്കാം .തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാവും. അവസാനഘട്ടത്തിൽ ബാക്കി വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് സിയുഇടി-യുജി യോഗ്യതയുള്ളവരെയും പരിഗണിക്കും. ഐ.എം.യുവിൽ അഫിലിയേറ്റ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷയുടെ റാങ്ക് ലഭിച്ചതിന് ശേഷം അതത് സ്ഥാപനങ്ങളിലെ രീതി പിന്തുടരണം.
ബിബിഎക്ക് എൻട്രൻസ് വേണ്ട: ഇപ്പോൾ അപേക്ഷിക്കണം
ഐ.എം.യു കൊച്ചി, ചെന്നൈ ക്യാപസുകളിലും മറ്റു അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും നടത്തപെടുന്ന ബിബിഎ കോഴ്സിന് പ്രവേശന പരീക്ഷ എഴുതേണ്ടതില്ലെങ്കിലും ഓൺലൈനിൽ അപേക്ഷ സമർപ്പിച്ച് ഫീസടക്കണം. +2 മാർക്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
(