റാമല്ല: ക്രൂരമായ പീഡനത്തിന്റെ ഫലമായും ചികിത്സ ലഭിക്കാതെയും ഇസ്രായിൽ ജയിലിൽ ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിയായി. ജയിലിൽ തടവുകാർക്കെതിരെ നടത്തിയ സംഘടിത കുറ്റകൃത്യങ്ങളുടെ ഫലമായാണ് ഫലസ്തീൻ തടവുകാരൻ രക്തസാക്ഷിത്വം വരിച്ചതെന്ന് കമ്മിഷൻ ഓഫ് ഡീറ്റെയ്‌നീസ് റിപ്പോർട്ട് ചെയ്തു.
ഗാസ യുദ്ധം ആരംഭിച്ച ശേഷം ഫലസ്തീൻ തടവുകാർക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചു. ക്രൂരമായ പീഡനങ്ങളിൽ 65 തടവുകാർ രക്തസാക്ഷികളായതായും കമ്മിഷൻ ഓഫ് ഡീറ്റെയ്‌നീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ മാസം 15 രക്ഷാപ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായിൽ സൈന്യം മനഃപൂർവം വധശിക്ഷകൾ നടപ്പാക്കുകയായിരുന്നെന്ന് ഗാസ സിവിൽ ഡിഫൻസ് ഏജൻസി ആരോപിച്ചു. സംഭവത്തിൽ ഇസ്രായിൽ സൈന്യം നടത്തിയ ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലുകൾ സിവിൽ ഡിഫൻസ് ഏജൻസി നിരാകരിച്ചു.
പാരാമെഡിക്കുകളിൽ ഒരാൾ ചിത്രീകരിച്ച വീഡിയോ ഇസ്രായിലിന്റെ വിവരണം തെറ്റാണെന്നും അവർ മനഃപൂർവം വധശിക്ഷകൾ നടപ്പാക്കുകയായിരുന്നെന്നും തെളിയിക്കുന്നതായി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അൽമുഗൈർ പറഞ്ഞു. സംഭവത്തിൽ അന്താരാഷ്ട്ര നിയമ പ്രകാരമുള്ള ബാധ്യതകളിൽ നിന്ന് ഒഴിവാകാൻ ഇസ്രായിൽ ശ്രമിക്കുന്നതായി മുഹമ്മദ് അൽമുഗൈർ ആരോപിച്ചു. 15 ഗാസ എമർജൻസി ജീവനക്കാരുടെ കൊലപാതകത്തിന് പ്രവർത്തന പരാജയങ്ങളെ കുറ്റപ്പെടുത്തിയ ഇസ്രായിലി സൈനിക അന്വേഷണ കണ്ടെത്തലുകൾ ഫലസ്തീൻ റെഡ് ക്രസന്റും തള്ളിക്കളഞ്ഞു.
അന്വേഷണ റിപ്പോർട്ട് നുണകൾ നിറഞ്ഞതാണെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് കുറ്റപ്പെടുത്തി. കൊലപാതകത്തെ ന്യായീകരിക്കുകയും, സത്യം തികച്ചും വ്യത്യസ്തമായിരിക്കുമ്പോൾ ഫീൽഡ് കമാൻഡിലെ വ്യക്തിപരമായ പിശകിൽ ഉത്തരവാദിത്തം ചുമത്തുകയും ചെയ്യുന്നതിനാൽ ഇത് അസാധുവും അസ്വീകാര്യവുമാണ്- റെഡ് ക്രസന്റ് വക്താവ് നബീൽ ഫർസാഖ് പറഞ്ഞു.