ജയ്പ്പൂര്‍: കൈയിലിരുന്ന ഒരു മത്സരം കൂടി അവസാന ഓവറിലേക്കു നീട്ടിക്കൊണ്ടുപോയി രാജസ്ഥാന്‍ തുലച്ചുകളഞ്ഞു. അതും ജയ്പ്പൂരിലെ സ്വന്തം തട്ടകത്തില്‍. തുടര്‍ച്ചയായി മറ്റൊരു സൂപ്പര്‍ ഓവര്‍ പോരിനു കൂടി കളമൊരുങ്ങുമോ എന്ന് ആശങ്കപ്പെട്ടിടത്ത് ആവേശ് ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ രക്ഷകനായി അവതരിച്ചു. അവസാന പന്തുവരെ നാടകീയത മുറ്റിനിന്ന മത്സരത്തില്‍ വെറും രണ്ട് റണ്‍സിനാണ് ഋഷഭ് പന്തും സംഘവും ജയം ആതിഥേയരില്‍നിന്നു തട്ടിപ്പറിച്ചത്.
തീര്‍ത്തും യാദൃച്ഛികം എന്നു പറയാം. അവസാന ഓവറില്‍ എല്ലാം ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിനു സമാനമായിരുന്നു. ജയിക്കാന്‍ ഒന്‍പത് റണ്‍സ്. ക്രീസില്‍ അതേ ബാറ്റര്‍മാര്‍, ധ്രുവ് ജുറേലും ഷിംറോണ്‍ ഹെറ്റ്‌മെയറും. പന്തെറിയുന്നത് ആവേശ് ഖാനാണെന്ന വ്യത്യാസം മാത്രം.
അന്ന് താരമായത് മിച്ചല്‍ സ്റ്റാര്‍ക്കെന്ന സൂപ്പര്‍ പേസറെങ്കില്‍ ഇത്തവണ ആവേശ് ഖാനായിരുന്നു രക്ഷകവേഷത്തില്‍ അവതരിച്ചത്. ആദ്യ പന്ത് മനോഹരമായൊരു യോര്‍ക്കര്‍. ജുറേലിനു നേടാനായത് ഒറ്റ റണ്‍. രണ്ടാം പന്തില്‍ രണ്ടാം റണ്ണിനോടി ഹെറ്റ്‌മെയര്‍ തലനാരിഴയ്ക്ക് റണ്ണൗട്ടില്‍നിന്ന് രക്ഷപ്പെട്ടു. മൂന്നാം പന്തില്‍ ഔട്ട്…! സ്‌ക്വയര്‍ ലെഗില്‍ ഷര്‍ദുല്‍ താക്കൂറിന്റെ കിടിലന്‍ ക്യാച്ച്.
ക്രീസില്‍ പുതിയ ബാറ്റര്‍ ശുഭം ദുബേ. നാലാം പന്ത് ഡോട്ട്. അഞ്ചാം പന്തില്‍ ഉയര്‍ത്തിയടിച്ച ദുബേ ക്യാച്ചില്‍നിന്നു രക്ഷപ്പെട്ടു. വീണുകിട്ടിയ അവസരം നിലത്തിട്ടത് ഡേവിഡ് മില്ലര്‍. മത്സരത്തിലെ നിര്‍ണായക നിമിഷമായേക്കുമോ എന്ന് എല്ലാവരും ചിന്തിച്ചുകാണും. അവസാന പന്തില്‍ ജയിക്കാന്‍ രാജസ്ഥാന് വേണ്ടത് ഒരു ബൗണ്ടറി. എന്നാല്‍, സ്‌ട്രേറ്റിലേക്ക് ആഞ്ഞടിച്ച പന്ത് ആവേശ് തന്നെ തടഞ്ഞിട്ടു. നേടാനായത് ഒരു റണ്‍ മാത്രം. ലഖ്‌നൗവിന് രണ്ടു റണ്‍സിന്റെ നാടകീയ ജയം.
യശസ്വി ജയ്‌സ്വാളും(52 പന്തില്‍ അഞ്ച് ബൗണ്ടറിയും നാല് സിക്‌സറും സഹിതം 74) 14കാരന്‍ അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ശിയും(20 പന്തില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 34) വെടിക്കെട്ട് തുടക്കം നല്‍കിയിട്ടാണ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ മത്സരം ഈ നിലയില്‍ തുലച്ചുകളഞ്ഞത്. 26 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി 39 റണ്‍സുമായി മികച്ച ടച്ചിലുണ്ടായിരുന്ന താല്‍ക്കാലിക നായകന്‍ റിയാന്‍ പരാഗ് അനാവശ്യ ഷോട്ടിനു ശ്രമിച്ചു പുറത്തായത് മത്സരത്തിലെ നിര്‍ണായക നിമിഷമായി.
നേരത്തെ ടോസ് ഭാഗ്യം തുണച്ച ലഖ്‌നൗ നായകന്‍ ഋഷഭ് പന്ത് പിച്ച് കണ്ട് വിലയിരുത്തിയത് ആദ്യം ബാറ്റ് ചെയ്യുന്നതാകും ബുദ്ധിയെന്നായിരുന്നു. എന്നാല്‍, പന്തിന്റെ കാല്‍ക്കുലേഷന്‍ പിഴച്ചെന്നു തെളിയിക്കുകയായിരുന്നു രാജസ്ഥാന്‍ ബൗളര്‍മാര്‍. മത്സരത്തിലെ രണ്ടാം ഓവറില്‍ തന്നെ ഇന്‍ഫോം ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ ആണു തുടക്കമിട്ടത്. പിന്നാലെ അപകടകാരി നിക്കോളാസ് പൂരാനെ സന്ദീപ് ശര്‍മയും വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ വനിന്ദു ഹസരംഗയുടെ പിന്തില്‍ ക്യാപ്റ്റന്‍ പന്തും രണ്ടക്കം കാണാതെ പുറത്ത്.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഐഡന്‍ മാര്‍ക്രാമും(45 പന്തില്‍ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 66) യുവതാരം ആയുഷ് ബദോനിയുമാണ്(34 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 50) ടീമിനെ വലിയൊരു തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്.
എന്നിട്ടും ചെറിയ ടോട്ടലില്‍ ചുരുങ്ങുമെന്നുറപ്പിച്ച ലഖ്‌നൗവില്‍ അവസാനത്തില്‍ വന്ന് കൂറ്റനടികളുമായി അബ്ദുല്‍ സമദ്(10 പന്തില്‍ നാല് സിക്‌സര്‍ പറത്തി 30 റണ്‍സ്) ആണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ഉയര്‍ത്തിയത്. സമദിന്റെ നാല് സിക്‌സര്‍ അടക്കം സന്ദീപ് എറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് ലഖ്‌നൗ അടിച്ചെടുത്തത്. ആ റണ്‍സ് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു.