അഹ്‌മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു വേണ്ടുയുള്ള ഇഞ്ചോടിഞ്ചു പോരാട്ടം കടുക്കുന്നു. അഹ്‌മദാബാദിലെ സ്വന്തം തട്ടകത്തില്‍ ബോസായി തകര്‍ത്താടിയ ജോസ് ബട്‌ലറുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തില്‍ ഡല്‍ഹിക്കെതിരെ ഗുജറാത്തിന് ഏഴു വിക്കറ്റ് വിജയം. വിജയത്തോടെ ഏഴു മത്സരത്തില്‍നിന്ന് പത്ത് പോയിന്റുമായി ടൈറ്റന്‍സ് റണ്‍റേറ്റിന്റെ ബലത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. അത്രയും പോയിന്റുമായി ഡല്‍ഹി തൊട്ടുപിന്നിലുണ്ട്.
എട്ടാം ഐപിഎല്‍ സെഞ്ച്വറി സ്വന്തമാക്കാനുള്ള അവസരമുണ്ടായിട്ടും ടീമിനായി ആ നേട്ടം ബലികൊടുക്കുകയായിരുന്നു ബട്‌ലര്‍. ഡെത്ത് ഓവര്‍ നാടകീയതകള്‍ക്കൊടുവില്‍ രാഹുല്‍ തെവാട്ടിയ ആണ് ടീമിനായി ഇന്നിങ്‌സ് ഫിനിഷ് ചെയ്തത്. രാജസ്ഥാനെതിരായ സൂപ്പര്‍ ഓവര്‍ പോരാട്ടത്തിലെ സ്റ്റാര്‍ മിച്ചര്‍ സ്റ്റാര്‍ക്കിന് ഇത്തവണ ടീമിന്റെ വിശ്വാസം കാക്കാനായില്ല. പെനല്‍ട്ടിമേറ്റ് ഓവറില്‍ ഒരു വിക്കറ്റ് സഹിതം വെറും അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് മുകേഷ് കുമാര്‍ ഡല്‍ഹിക്ക് വിജയപ്രതിക്ഷ നല്‍കിയെങ്കിലും അവസാന ഓവറില്‍ സ്റ്റാര്‍ക്ക് ആ പ്രതീക്ഷകള്‍ എറിഞ്ഞുടച്ചു. അവസാന ഓവറില്‍ ഡിഫന്‍ഡ് ചെയ്യാനുണ്ടായിരുന്ന പത്ത് റണ്‍സ് ആദ്യ രണ്ട് പന്തില്‍ തന്നെ വിട്ടുകൊടുത്ത് സ്റ്റാര്‍ക്ക് വേഗം കളി തീര്‍ത്തു. ആദ്യ പന്തില്‍ സ്വതസിദ്ധമായ സ്ലോഗ് സ്വീപ്പിലൂടെ സിക്‌സര്‍ പറത്തിയാണ് തെവാട്ടിയ തുടങ്ങിയത്. രണ്ടാമത്തെ യോര്‍ക്കറില്‍ സമര്‍ഥമായി ബാറ്റ് വച്ച് കൊടുത്തതും പന്ത് ബൗണ്ടറിയിലേക്ക്. സീസണില്‍ തീ തിളങ്ങാനായില്ലെന്ന ക്ഷീണം ഈ ഇന്നിങ്‌സിലൂടെ തീര്‍ക്കുകായയിരുന്നു തെവാട്ടിയ.
നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ 97 റണ്‍സുമായി നിന്ന ബട്‌ലര്‍ ആ ഫിനിഷിങ്ങില്‍ മതിമറന്നാടുകയായിരുന്നു. തുടക്കത്തില്‍ തന്നെ നായകന്‍ ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ഗുജറാത്തിനെ ബട്‌ലര്‍ ഒറ്റയ്ക്കാണു വിജയത്തിലേക്കു നയിച്ചത്. മികച്ച ടച്ചില്‍ തകര്‍ത്താടിയ താരം 54 പന്ത് നേരിട്ട് നാല് സിക്‌സറും 11 ബൗണ്ടറിയും അടിച്ചുപറത്തിയാണ് ബട്‌ലര്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നത്. സായ് സുദര്‍ശന്‍ 21 പന്തില്‍ 36 റണ്‍സും ഷെറഫൈന്‍ റൂതര്‍ഫോര്‍ഡ് 34 പന്തില്‍ 43 റണ്‍സും എടുത്തു.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിതരായെങ്കിലും മികച്ച ബാറ്റിങ് പ്രകടനമാണ് ഡല്‍ഹി പുറത്തെടുത്തത്. ആറ് മുന്‍നിര ബാറ്റര്‍മാരുടെ കാമിയോകളുടെ കരുത്തിലാണ് സന്ദര്‍ശകര്‍ 204 റണ്‍സ് എന്ന ടോട്ടലുയര്‍ത്തിയത്. അക്‌സറിന്റെയും(32 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 39) അശുതോഷ് ശര്‍മയുടെയും(19 പന്തില്‍ രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും സഹിതം 37), കരുണ്‍ നായരുടെയും(18 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും സഹിതം 31), ട്രിസ്റ്റന്‍ സ്റ്റബ്‌സ്(21 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും സഹിതം 31) വെടിക്കെട്ട് ഇന്നിങ്‌സുകള്‍ നിര്‍ണായകമായി. അഭിഷേക് പൊറേല്‍(ഒന്‍പത് പന്തില്‍ 18), കെ.എല്‍ രാഹുല്‍(14 പന്തില്‍ 28) എന്നിവരും വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
ഗുജറാത്ത് ബൗളര്‍മാരില്‍ റണ്‍സ് വാരിക്കോരി നല്‍കിയെങ്കിലും നാലു വിക്കറ്റ് കൊയ്ത പ്രസിദ് കൃഷ്ണയാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍, ഇശാന്ത് ശര്‍മ, സായ് കിഷോര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.