ജിദ്ദ: സൗദിയിൽ മിക്കയിടങ്ങളിലും അടുത്ത ദിവസങ്ങളിലും മഴ കാലാവസ്ഥ തുടരും. തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങൾ മഴയുടേതായിരിക്കും. മറ്റിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ ഇത് തന്നെയായിരിക്കും സ്ഥിതി. വ്യത്യസ്ത തോതിലായിരിക്കും പലപ്പോഴായുള്ള വർഷപാതം.
ഇത് സംബന്ധിച്ച പ്രവചനം കാലാവസ്ഥാ വിദഗ്ധൻ അഖീൽ അൽഅഖീൽ പുറപ്പെടുവിച്ചു. സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിശകലന വിദഗ്ധനാണ് അഖീൽ. ശനിയാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസം തലസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പ്രത്യേകിച്ച് റിയാദിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. ഈ മൂന്ന് ദിവസങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കുമെന്നുമാണ് പ്രവചനം.
ഔദ്യോഗികമായുള്ള മറ്റൊരു കാലാവസ്ഥാ പ്രവചനമനുസരിച്ച് വ്യാഴാഴച രാജ്യത്തെ ഏഴ് മേഖലകളിൽ മഴയായിരിക്കും. റിയാദിന് പുറമെ, മക്ക, അസീർ, ജീസാൻ, നജ്‌റാൻ, അൽബാഹ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ വർഷപാതമായും പൊടിക്കാറ്റായും ദൃശ്യപരത തടസ്സപ്പെടുംവിധം കലുഷിതമായിരിക്കും കാലാവസ്ഥ.
ഇതേതുടർന്ന്, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പലയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അൽഅഖീലിന്റെ പ്രവചന പ്രകാരം വ്യാഴാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വരെ മഴ തുടരുമെന്നും, ജീസാനിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്നുമാണുള്ളത്. മിതമായത് മുതൽ കനത്തത് വരെ, ഇടയ്ക്കിടെ ഒക്കെയായിരിക്കും മഴയെന്നും അദ്ദേഹം വിശദീകരിച്ചു.
ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ പൊതുവിലും, പ്രത്യേകിച്ച് അവിടുത്തെ കിഴക്കൻ പ്രദേശങ്ങളായ ബിഷ, തത്‌ലിത്ത് എന്നിവിടങ്ങളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും ഇത് മേഖലയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും അഖീൽ അൽഅഖീൽ ചൂണ്ടിക്കാട്ടി.
മക്ക മേഖലയിലും സമാന സ്ഥിതി തന്നെയായിരിക്കും. പ്രത്യേകിച്ച്, മക്കാ പ്രവിശ്യയിൽപെടുന്ന ത്വായിഫ്-റിയാദ് ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലും വ്യാഴം മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.