തിരുവനന്തപുരം– ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സമരവുമായി സഹകരിക്കുന്നവരെ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ല. യു.ഡി.എഫ് സ്വന്തം നിലക്കുള്ള പരിപാടികളായിരിക്കും നടത്തുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിരവധി തവണ ആശാ പ്രവര്‍ത്തകരുടെ സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷെ സമരക്കാര്‍ സംസ്ഥാന സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം ലഭിക്കാത്തത് ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എന്നാല്‍ ആശാ ജീവനക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. ആശമാരുടെ സമരം ഇപ്പോള്‍ അവസാനിപ്പിക്കണമെന്നും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്ന് മാസത്തെ കാലാവധിയോടെ സമിതിയെ നിയോഗിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ ഓണറേറിയത്തില്‍ 3000 രൂപയെങ്കിലും ഇപ്പോള്‍ വര്‍ധിപ്പിക്കണമെന്നും മറ്റ് ആവശ്യങ്ങള്‍ സമിതിക്ക് വിടാമെന്നാണ് സമരസമിതിയുടെ തീരുമാനം. എന്നാല്‍ സി.പി.എമ്മിനും സര്‍ക്കാറിനും സമരം തീര്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ് വിലയിരുത്തല്‍. ആശമാര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യണമെന്ന് സി.പി.എം പലതവണ ആവശ്യപ്പെട്ടിരുന്നു. ഹരിയാനയിലും തമിഴ്‌നാടിലും ഉള്‍പ്പെടെ ആശമാര്‍ സി.ഐ.ടി.യുവിന്റെ നേത്രത്വത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമരം ചെയ്യുന്നുണ്ട്.