വാഷിങ്ടണ്‍– ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും കൊണ്ട്‌പോകാനുള്ള ആര്‍ട്ടിമിസ് II ദൗത്യത്തിന് ഉപയോഗിക്കുന്ന മാസ്‌കോട്ടിന് (പാവ) രൂപം നല്‍കാന്‍ ആഗോള തലത്തില്‍ മത്സരമൊരുക്കി നാസ. ലോകമെമ്പാടുമുള്ള കലാകാരന്മാര്‍, വിദ്യാര്‍ഥികള്‍, എഞ്ചിനീയേര്‍സ് എന്നിവര്‍ക്കാണ് അവസരം. തിരഞ്ഞെടുത്ത ഡിസൈന്‍ ചാന്ദ്ര ദൗത്യയിലെ യാത്രക്കാര്‍ക്കൊപ്പം അയക്കും. ഓറിയോണിൽ ഉപയോഗിക്കപ്പെടുന്ന ഈ ചെറിയ പാവയെ ”സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്റര്‍” എന്ന് വിശേഷിപ്പിക്കുന്നു. ബഹിരാകാശ വാഹനം മൈക്രോഗ്രാവിറ്റിയിലേക്ക് കടക്കുമ്പോള്‍ ആ പാവ വായുവില്‍ നീങ്ങി തുടങ്ങും. ഇതിലൂടെ ഓരോ ഘട്ടങ്ങളും യാത്രികര്‍ക്ക് മനസിലാക്കാന്‍ കഴിയും.
കാണാൻ ഭംഗിയുള്ള പാവയെന്ന് മാത്രമല്ല നാസയുടെ ലക്ഷ്യം. ആര്‍ട്ടിമിസ് II ദൗത്യത്തിന്റെ ആത്മാവിനെ ഉള്‍ക്കൊള്ളുന്ന സുരക്ഷിതമായി സീറോ ഗ്രാവിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന പാവകളെയാണ് നാസക്ക് ആവശ്യം. പാവയുടെ വലിപ്പം 6 ഇഞ്ചില്‍ കൂടരുതെന്നും, ഭാരം 0.75 പൗണ്ടില്‍ കുറവായിരിക്കണമെന്നും നിയമുണ്ട്. കോട്ടണ്‍, പോളിസ്റ്റര്‍, ഫാക്‌സ് ഫര്‍, കേവ്ലാര്‍, ബീറ്റ ക്ലോത്ത് തുടങ്ങിയ വസ്തുക്കള്‍ മാത്രമേ നിർമ്മാണത്തിനായി ഉപയോഗിക്കാവൂ. ദേശീയ പതാകകൾ, നാസയുടെ ലോഗോ, മറ്റ് സ്ഥാപനങ്ങളുടെ ലോഗോ ഇവയൊന്നും ഉള്‍പ്പെടുത്താന്‍ പാടില്ല.
മത്സരത്തില്‍ വ്യക്തികളായും ടീമുകളായും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. 2025 മെയ് 27 ആണ് അവസാന തീയതി. മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത പരമാവധി 25 പേരെ ഫൈനൽ ലിസ്റ്റിൽ പ്രഖ്യാപിക്കും. ഇതിൽ ഓരോരുത്തര്‍ക്കും 1,225 യുഎസ് ഡോളര്‍ വീതം സമ്മാനമായി ലഭിക്കും. തിരഞ്ഞെടുത്ത ഡിസൈന്‍, നാസയുടെ തര്‍മല്‍ ബ്ലാങ്കറ്റ് ലാബില്‍ നിര്‍മിച്ച് ആര്‍ടെമിസ്11 ബഹിരാകാശ യാത്രക്കാരോടൊപ്പം സഞ്ചരിക്കും.