വാഷിംങ്ടണ്‍– പ്രശസ്തമായ ഹാര്‍വേര്‍ഡ് സര്‍വകലാശാലയുടെ ഫെഡറല്‍ ഫണ്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഡൊണാള്‍ഡ് ട്രംപ്. സര്‍വകലാശാലക്ക് നല്‍കേണ്ടിയിരുന്ന 2.3 ബില്ല്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങാണ് താത്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നത്. കൂടാതെ സർവകലാശാലക്ക് നൽകിയിരുന്ന 60 മില്യൺ ഡോളറിൻ്റെ കരാറും താൽക്കാലികമായി നിർത്തിവെച്ചു. ക്യാമ്പസുകളില്‍ പ്രതിഷേധങ്ങള്‍ അനുവദിക്കരുതെന്നടക്കമുള്ള ഭരണകൂട നിര്‍ദേശങ്ങൾ സര്‍വകലാശാല തള്ളിയതിനു പിന്നാലെയാണ് നടപടി.
ക്യാമ്പസിലെ ആക്ടിവിസത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍വകലാശാലക്ക് ട്രംപ് ഭരണകൂടം കത്ത് നല്‍കിയിരുന്നു. ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നല്‍കിയ ഉത്തരവില്‍ ക്യാമ്പസില്‍ മുഖാവരണം പാടില്ലെന്നും, വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഓഡിറ്റിങ്ങിന് വിധേയമാക്കണം, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം അനുവദിക്കണം എന്നീ നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിരുന്നു.
ട്രംപിന്റെ നിര്‍ദേശങ്ങള്‍ ഫെഡറല്‍ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ നിര്‍ദേശങ്ങൾ തള്ളിക്കളഞ്ഞു. സര്‍വകലാശാലയുടെ സ്വയം ഭരണത്തിലും ഭരണഘടന അവകാശത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അലന്‍ വ്യക്തമാക്കി. യൂണിവേഴ്സിറ്റിക്ക് സ്വന്തമായി സംഭാവന കിട്ടിയ ഫണ്ടുണ്ടെങ്കിലും ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തിയതിന്റെ ആഘാതം കുറയ്ക്കാന്‍ ചെലവുകള്‍ വെട്ടിക്കുറക്കുന്ന നടപടികള്‍ സ്വീകരിക്കേണ്ടി വരും.
ഹാര്‍വാര്‍ഡിനു മേലുള്ള ട്രംപ് ഭരണകൂടത്തിന്റെ കടന്നുകയറ്റം രാഷ്ട്രീയ തലത്തില്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചു. ഹാര്‍വാര്‍ഡിന്റെ നയത്തെ കുറച്ചാളുകള്‍ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ വിമര്‍ശിച്ചു. അക്കാദമിക് സ്വാതന്ത്രവും സര്‍ക്കാറിന്റെ നിയന്ത്രണങ്ങളും അമേരിക്കയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.