തിരുവനന്തപുരം– ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി പേരുകള്‍ നല്‍കാനെടുത്ത എന്‍.സി.ഇ.ആര്‍.ട്ടിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എൻ.സി.ഇ.ആർ.ടിയുടെ തീരുമാനം യുക്തിവിരുദ്ധവും ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കലുമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഭാഷാ വൈവിദ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സില്‍ സംവേദന പരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ക്ക് പകരം ആറാംക്ലാസ് പാഠപുസ്തകത്തിൽ പൂര്‍വിയെന്നും, ഒന്നാം ക്ലാസിന് മൃദംഗ്, മൂന്നാം ക്ലാസിന് സന്തൂര്‍ എന്നീ ഹിന്ദി തലക്കെട്ടുകളാണ് നല്‍കിയത്.
ഹിന്ദി സംസാരിക്കാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സംസ്‌കാരിക സ്വാതന്ത്രത്തിന് മുന്‍തൂക്കം നല്‍കാനും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. എന്‍.സി.ഇ.ആര്‍.ടിയുടെ ഈ തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെയുള്ള നടപടിയാണ്. പാഠപുസ്തകത്തിലെ തലക്കെട്ടുകള്‍ വെറും പേരുകളല്ലെന്നും അവ കുട്ടികളില്‍ തിരിച്ചറിവും ഭാവനയും രൂപപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു
ഇതിനുമുമ്പ് കേന്ദ്ര സര്‍ക്കാര്‍ എന്‍.സി.ആര്‍.ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ ചരിത്രം, വ്യവസായ വിപ്ലവം, ഇന്ത്യാ വിഭജനചരിത്രം, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വം, ഗുജറാത്ത് കലാപം എന്നിങ്ങനെ ഒട്ടേറെ ചരിത്ര രാഷ്ട്രീയ സംഭവങ്ങളെ നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് കേരള സര്‍ക്കാര്‍ ഇവകളെല്ലാം ഉള്‍പ്പെടുത്തി പ്രത്യേക പാഠപുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി സംസ്ഥാനം പാഠപുസ്തകങ്ങള്‍ തയാറാക്കുന്നതിനെക്കുറിച്ച് കരിക്കുലം കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യുമെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.