റിയാദ്: സൗദിയിൽ പൗൾട്രി വ്യവസായം ശക്തിപ്പെടുത്താൻ 500 കോടി റിയാലിന്റെ 29 കരാറുകൾ നാലാമത് മിഡിൽ ഈസ്റ്റ് പൗൾട്രി എക്‌സിബിഷനിൽ ഒപ്പുവെച്ചു.
ദേശീയ ഭക്ഷ്യസുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന നിലക്ക് ഉൽപാദനം, വിപണനം എന്നീ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും സ്വീകരിച്ച് ദേശീയ വിതരണ ശൃംഖലകളെ പിന്തുണക്കാനും കോഴി വ്യവസായത്തിന്റെ വളർച്ചയും വികസനവും ഉത്തേജിപ്പിക്കാനും കരാറുകളിലൂടെ ലക്ഷ്യമിടുന്നു.
ഏപ്രിൽ 14 മുതൽ 16 വരെ റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന എക്‌സിബിഷൻ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലി ഉദ്ഘാടനം ചെയ്തു. കോഴിവളർത്തൽ, കോഴിത്തീറ്റ, മൃഗാരോഗ്യം, പോഷകാഹാരം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന 340 പ്രാദേശിക, അന്തർദേശീയ കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷം സൗദിയിൽ ബ്രോയിലർ കോഴി ഉൽപാദനനം 110 കോടി കിലോഗ്രാം കവിഞ്ഞതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അലി അൽശൈഖി പറഞ്ഞു. ഭക്ഷ്യ സുരക്ഷയും സുസ്ഥിരതയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിന് കാർഷിക ഉൽപാദനത്തിൽ പ്രയോഗിക്കുന്ന സാങ്കേതിക മാനദണ്ഡങ്ങളുടെ കൂട്ടമായ സൗദി ജി.എ.പി സർട്ടിഫിക്കേഷൻ ലഭിച്ച പൗൾട്രി പദ്ധതികളുടെ എണ്ണം 72 ആയി ഉയർന്നിട്ടുണ്ട്.
സൗദിയിൽ പൗൾട്രി വ്യവസായ മേഖലയിൽ വിദേശ കമ്പനികൾ 150 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ബ്രോയിലർ കോഴി ഉൽപാദന പദ്ധതികൾക്ക് സർക്കാർ കാർഷിക സബ്‌സിഡികൾ നൽകുന്നു. കഴിഞ്ഞ വർഷം 110 കോടി കിലോ ബ്രോയിലർ കോഴി ഉൽപാദനത്തിന് സബ്‌സിഡി നൽകി.
കാർഷിക വികസന ഫണ്ട് സ്ഥാപിതമായതു മുതൽ ഈ വർഷം ആദ്യ പാദാവസാനം വരെയുള്ള കാലത്ത് പൗൾട്രി മേഖലക്ക് 1,575 ലഘു വായ്പകൾ നൽകി. ആകെ 1,040 കോടി റിയാലിന്റെ വായ്പകളാണ് അനുവദിച്ചത്. ബ്രോയിലർ ചിക്കൻ പദ്ധതികൾക്ക് 524 കോടിയിലേറെ റിയാലിന്റെ 1,096 വായ്പകളും മുട്ടക്കോഴി പദ്ധതികൾക്ക് 198 കോടിയിലേറെ റിയാലിന്റെ 334 വായ്പകളും അനുവദിച്ചു. ശേഷിക്കുന്ന വായ്പകൾ കോഴി കശാപ്പുശാലാ പദ്ധതികൾ, ഹാച്ചറികൾ, പ്രാവ്, ഒട്ടകപ്പക്ഷി, കാട പദ്ധതികൾ എന്നിവക്കാണ് അനുവദിച്ചതെന്ന് ഡോ. അലി അൽശൈഖി പറഞ്ഞു.
എക്‌സിബിഷനോടനുബന്ധിച്ച് സർക്കാർ നയങ്ങളും ബിസിനസ് രീതികളും തമ്മിലുള്ള സംയോജനം വർധിപ്പിക്കാനും, ഫാമിൽ നിന്ന് വിപണിയിലേക്കുള്ള കോഴി മേഖലയുടെ മൂല്യശൃംഖല വികസിപ്പിക്കാനുള്ള നിക്ഷേപ അവസരങ്ങളും ഭാവി ദർശനങ്ങളും അവലോകനം ചെയ്യാനും വിദഗ്ധരുടെ പങ്കാളിത്തത്തോടെ പൗൾട്രി മേഖലാ വികസനത്തിനായുള്ള സാമ്പത്തിക ഫോറവും നടക്കുന്നുണ്ട്. എക്‌സിബിഷനിൽ പൊതു, സ്വകാര്യ വകുപ്പുകളും സ്ഥാപനങ്ങളും ശാസ്ത്ര സംഘടനകളും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളും പങ്കെടുക്കുന്നു.
കോഴിവളർത്തൽ, കോഴിത്തീറ്റ, മില്ലുകൾ, വെറ്ററിനറി സേവനങ്ങൾ എന്നീ മേഖലകളിലെ 800 ലേറെ ആധുനിക ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുന്ന പ്രത്യേക പവലിയനുകൾ എക്‌സിബിഷനിലുണ്ട്. പൗൾട്രി വ്യവസായ മേഖലയുടെ സുസ്ഥിരതയെ പിന്തുണക്കുന്ന ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര വിദഗ്ധരുടെ പങ്കാളിത്തത്തോടെയുള്ള സെമിനാറുകളും ശിൽപശാലകളും പ്രദർശനത്തിൽ ഉൾപ്പെടുന്നു.
പ്രാദേശിക നിക്ഷേപകരെയും വിതരണക്കാരെയും ആഗോള വൈദഗ്ധ്യത്തെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രത്യേക വാണിജ്യ വേദിയാണ് എക്‌സിബിഷൻ. കോഴിവളർത്തൽ മേഖലയിലെ നിക്ഷേപത്തിനും വികസനത്തിനും ഇത് പുതിയ ചക്രവാളങ്ങൾ തുറക്കുന്നു. വിതരണ ശൃംഖലകളെ പിന്തുണക്കാനും ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതിക പരിഹാരങ്ങളും പ്രദർശിപ്പിക്കാനും സൗദിയിൽ പൗൾട്രി മേഖലയുടെ വികസനത്തിന് അറിവും വൈദഗ്ധ്യവും കൈമാറാനും എക്‌സിബിഷൻ സഹായിക്കുന്നു.