റിയാദ്: അമേരിക്കയും സൗദി അറേബ്യയും ഊർജ, സിവിൽ ആണവ സാങ്കേതികവിദ്യാ മേഖലകളിലെ സഹകരണത്തിന് വൈകാതെ കരാർ ഒപ്പുവെക്കുമെന്ന് അമേരിക്കൻ ഊർജ മന്ത്രി ക്രിസ് റൈറ്റ് അറിയിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സഹകരണത്തിന്റെ വിശദാംശങ്ങൾ ഈ വർഷാവസാനം പ്രഖ്യാപിക്കും. സൗദിയിൽ വാണിജ്യ ആണവോർജ വ്യവസായം കെട്ടിപ്പടുക്കുന്നതിലാണ് സൗദി, അമേരിക്കൻ സഹകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ക്രിസ് റൈറ്റ് പറഞ്ഞു.
മേഖലാ പര്യടനത്തിന്റെ ഭാഗമായി സൗദിയിലെത്തിയ ക്രിസ് റൈറ്റ് റിയാദിൽ വെച്ച് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തിയ ശേഷമാണ് ഈ പ്രസ്താവന നടത്തിയത്.
അടുത്ത മേയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ നടത്തുമെന്ന് പ്രതീക്ഷിക്കുന്ന സന്ദർശനത്തിന് മുമ്പായാണ് ക്രിസ് റൈറ്റ് മേഖലയിൽ പര്യടനം നടത്തുന്നത്. കൂടുതൽ സുസ്ഥിരവും കാര്യക്ഷമവുമായ ഊർജ സംവിധാനങ്ങളിലേക്കുള്ള പരിവർത്തന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തുടർച്ചയായ ഏകോപനം പ്രാധാനമാണെന്ന് റിയാദിൽ നടത്തിയ ചർച്ചയിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ക്രിസ് റൈറ്റും പറഞ്ഞു.