പാലക്കാട്. ഭിന്നശേഷിക്കാര്‍ക്ക് പാലക്കാട് നഗരസഭ നിര്‍മ്മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് കെ.ബി ഹെഡ്‌ഗെവാറിന്റെ പേര് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ന്യായീകരണവുമായി ബി.ജെ.പി. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഹെഡ്‌ഗേവര്‍ സ്വാതന്ത്രസമര സേനാനിയാണെന്നും ഇദ്ദേഹത്തിന്റെ പേരിലെ ആദ്യത്തെ സ്ഥാപനമല്ലിതെന്നും ബി.ജെ.പി നേതാക്കളായ പ്രശാന്ത് ശിവൻ, പ്രമീള ശശിധരൻ, അഡ്വ. ഇ. കൃഷ്ണദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഹെഡ്‌ഗെവാര്‍ സ്വാതന്ത്രസമര സേനാനിയാണെന്ന് ഇ.എം.എസ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയെ സി.പി.എം തള്ളുമോയെന്നും ബി.ജെ.പി ചോദിച്ചു. ഹെഡ്‌ഗേവാര്‍ ദേശീയവാദിയാണെന്നതിന് കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ബി.ജെ.പിക്ക് ആവശ്യമില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ വാരിയം കുന്നന്‍ സ്മാരകം സ്ഥാപിച്ചതും, പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത ആളുകളുടെ പേരുകള്‍ പല സ്ഥാപനങ്ങള്‍ക്കും നല്‍കിയതും മുസ്ലിംവല്‍ക്കരണമാണെന്ന് പറയാന്‍ തയ്യാറാകുമോയെന്നും ബി.ജെ.പി ചോദിച്ചു.
പേരല്ല, പദ്ധതി നടപ്പിലാക്കുന്നത് തടയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പാലക്കാട് എം.എല്‍.എ പരസ്യമായി മാപ്പ് പറയണെമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഹെഡ്‌ഗേവറിനെ അപമാനിച്ചതില്‍ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു.