കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം അഞ്ചാം തവണയും കൊൽക്കത്തൻ കരുത്തരായ മോഹൻ ബഗാൻ സ്വന്തമാക്കി. സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ അധികസമയത്തേക്ക് നീണ്ട ഫൈനലിൽ ബെംഗളുരു എഫ്.സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബഗാൻ്റെ ജയം. ആദ്യം ഗോളടിച്ച് ലീഡ് നേടിയ ബെംഗളൂരു എഫ്‍സിയെ, പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തിയാണ് ബഗാൻ കിരീടം നിലനിർത്തിയത്.
ഗോൾ ഒഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 49 മിനിട്ടിൽ മോഹൻ ബഗാൻ താരം ആൽബർട്ട് റോഡിഗസ് വഴങ്ങിയ സെൽഫ് ഗോളിലൂടെ ബംഗളൂരു എഫ്സി മുന്നിലെത്തി. 72 മിനിറ്റിൽ വീണു കിട്ടിയ പെനാൽറ്റി ലക്ഷത്തിൽ എത്തിച്ച് ജേസൺ കുമ്മിങ്സ് ബഗാനെ ഒപ്പമെത്തിച്ചു. എക്സ്ട്രാ ടൈമിൽ ജാമി മക്ലാരൻ്റെ വകയായിരുന്നു കിരീടം ഉറപ്പിച്ച ഗോൾ. സമനില ഗോൾ കണ്ടെത്താനായി ബംഗളൂരു ടീം ആഞ്ഞു പൊരുതിയെങ്കിലും ബഗാൻ പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞില്ല.
ഡ്യൂറൻ്റ് കപ്പിൽ റണ്ണർ അപ്പായ മോഹൻ ബഗാൻ ഐഎസ്എൽ ഷീൽഡ് നേരത്തെ കരസ്ഥമാക്കിയിരുന്നു. മലയാളി താരം സഹൽ അബ്ദുൽ സമദ് ഉൾപ്പെടുന്ന ടീം സീസണിൽ ഉടനീളം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. രണ്ട് സീസൺ മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് വിട്ട സഹൽ ഫൈനലിൽ പകരക്കാരനായി കളത്തിൽ ഇറങ്ങിയിരുന്നു.