തൃശൂര്‍– ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയിലെ കൃഷ്ണവിഗ്രഹത്തിന് മാലചാര്‍ത്തുന്ന ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചതിന് ജസ്‌ന സലീമിനെതിരെ പോലീസ് കേസെടുത്തു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നേരത്തെ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതിനും ക്ഷേത്രത്തിലെത്തിയ ഭക്തരുമായി തര്‍ക്കത്തിലേര്‍ക്കപ്പെട്ടതും വിവാദമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ക്ഷേത്ര നടപ്പന്തലില്‍ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും അവിടെ വെച്ച് ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജസ്‌ന കിഴക്കേ നടയിലെ ദീപസ്തംഭനത്തിനുള്ള കാണിക്കയ്ക്ക് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത്.