ചെന്നൈ: തലപ്പത്തെ മാറ്റം കൊണ്ടും ചെന്നൈ സൂപ്പര്‍ കിങ്‌സിനു രക്ഷയില്ല. എം.എസ് ധോണി നയിച്ച സംഘത്തെ ചെപ്പോക്കില്‍ നാണംകെടുത്തി വിട്ടിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആതിഥേയരെ ആദ്യം 103 റണ്‍സില്‍ എറിഞ്ഞിട്ട ശേഷം എട്ടു വിക്കറ്റിനാണ് അജിങ്ക്യ രഹാനെയുടെ സംഘം വിജയം അടിച്ചെടുത്തത്. കളി തീരാന്‍ 59 പന്ത് അപ്പോഴും ബാക്കിയുണ്ടായിരുന്നു.
ഋതുരാജ് ഗെയ്ക്ക്‌വാദ് പരിക്കിനെ തുടര്‍ന്ന് പുറത്തായതോടെ എം.എസ് ധോണി വീണ്ടും ടീമിന്റെ ലീഡര്‍ഷിപ്പിലേക്ക്. തുടര്‍ തോല്‍വികളില്‍ തകര്‍ന്നടിഞ്ഞ മഞ്ഞപ്പടയ്ക്ക് പുത്തനുണര്‍വാകുമോ എന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയത്. എന്നാല്‍, തല വന്നിട്ടും തലവര മാറിയില്ല. രഹാനെയുടെ ബുദ്ധിപരമായ ബൗളിങ് നീക്കങ്ങളില്‍ എന്തു ചെയ്യണമെന്ന് അറിയാതെ ചെന്നൈ ബാറ്റര്‍മാരെല്ലാം പകച്ചുനില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. ചെപ്പോക്കില്‍ ചെന്നൈയുടെ ഏറ്റവും ചെറിയ ടോട്ടല്‍, ഐപിഎല്‍ ചരിത്രത്തിലെ ചെറിയ മൂന്നാമത്തെ ടോട്ടല്‍ എന്നീ നാണക്കേടുകളും ഇന്ന് ധോണിപ്പട സ്വന്തം പേരിലാക്കിയിട്ടുണ്ട്.
മറുപടി ബാറ്റിങ് വെറും ചടങ്ങുകള്‍ മാത്രമായിരുന്നു. എത്രയും പെട്ടെന്ന് കളി തീര്‍ത്തു മടങ്ങാനായിരുന്നു കൊല്‍ക്കത്ത ബാറ്റര്‍മാരെല്ലാം നോക്കിയത്. ക്വിന്റന്‍ ഡീകോക്കും(16 പന്തില്‍ മൂന്ന് സിക്‌സറുമായി 23), സുനില്‍ നരൈനും(18 പന്തില്‍ അഞ്ച് സിക്‌സറും രണ്ടു ബൗണ്ടറിയും സഹിതം 44) പവര്‍പ്ലേ തൊട്ട് ടി20 ക്രിക്കറ്റ് എന്താണെന്ന് ചെന്നൈയ്ക്കും അവരുടെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്ങിനും കാണിച്ചുകൊടുത്തു. ഒടുവില്‍ ജഡേജ എറിഞ്ഞ 11-ാം ഓവറില്‍ നായകന്‍ രഹാനെയെ(20) സാക്ഷിനിര്‍ത്തി റിങ്കു സിങ് സിക്‌സര്‍ പറത്തി ചെന്നൈയുടെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു.
നേരത്തെ, ടോസ് ഭാഗ്യം തുണച്ച രഹാനെ ചെന്നൈയെ ആദ്യം ബാറ്റിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം കൊല്‍ക്കത്ത ബൗളര്‍മാര്‍ അപ്പടി ശരിവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് അവിടെ കണ്ടത്. പവര്‍പ്ലേയില്‍ തന്നെ ചെന്നൈയെ പിടിച്ചുകെട്ടി. ഓപണര്‍ ഡേവോണ്‍ കോണ്‍വേയെ പുറത്താക്കി മോയിന്‍ അലിയാണു തുടക്കമിട്ടത്. പിന്നാലെ ഹര്‍ഷിത് റാണയുടെ പന്തില്‍ രഹാനെയ്ക്കു ക്യാച്ച് നല്‍കി രച്ചിന്‍ രവീന്ദ്രയും കോണ്‍വേയുടെ വഴിയെ നടന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈ രണ്ടിന് 31.
പിന്നീടങ്ങോട്ട് ഏകദിന ശൈലിയും വിട്ട് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയായിരുന്നു ചെന്നൈ ബാറ്റര്‍മാര്‍. രാഹുല്‍ തൃപാഠിയും(22 പന്തില്‍ 16) വിജയ് ശങ്കറും(21 പന്തില്‍ 29) എന്തു ചെയ്യണമെന്ന് അറിയാതെ തപ്പിത്തടഞ്ഞു. രഹാനെ സെറ്റ് ചെയ്ത സ്പിന്‍ കുരുക്കില്‍ ധോണി ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരെല്ലാം വിയര്‍ത്തു. ആറ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാനാകാതെ പുറത്തായി. ബിഗ് ഹിറ്ററായ ശിവം ദുബേയ്ക്കും അവസാന രണ്ട് ഓവര്‍ വേണ്ടി വന്നു ഒന്ന് ബൗണ്ടറിക്ക് ശ്രമിക്കാന്‍ പോലും. 29 പന്തില്‍ മൂന്ന് ബൗണ്ടറി മാത്രം നേടി 31 റണ്‍സെടുത്ത ദുബേയാണ് ചെന്നൈയിലെ ടോപ്‌സ്‌കോറര്‍ എന്നതില്‍നിന്നു തന്നെ ടീം ബാറ്റിങ്ങിന്റെ നിലവാരം വ്യക്തമാകും.
കൊല്‍ക്കത്ത ബൗളര്‍മാര്‍ പരസ്പരം വിക്കറ്റെടുക്കാന്‍ മത്സരിക്കുകയായിരുന്നു. സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷിത് റാണയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതം കൊയ്തു. വൈഭവ് അറോറയ്ക്കും മോയിന്‍ അലിക്കും ഒരു വിക്കറ്റും ലഭിച്ചു. വൈഭവ് ഒഴികെ ഒരു ബൗളറും അഞ്ച് ഇക്കോണമിയിലും പന്തെറിഞ്ഞു.