മുംബൈ– ധാരാവി പുനരധിവാസ പദ്ധതിയുടെ ഭാഗമായി 50000ത്തിലധികം ആളുകളെ ദിയോണാര്‍ മാലിന്യ കുഴിയുടെ സമീപത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പും മഹാരാഷ്ട്ര സര്‍ക്കാറും സംയുക്തമായാണ് ധാരാവി പുനരധിവാസ പ്രവര്‍ത്തനം നടത്തുന്നത്. 1927 മുതല്‍ പ്രവര്‍ത്തിക്കുന്ന ‘ദിയോണാര്‍’ മുംബൈയിലെ ഏറ്റവും വലിയ പഴക്കമുള്ള മാലിന്യ കുഴിയാണിത്. 311 ഏക്കര്‍ വ്യാപ്തിയുളള ഈ മാലിന്യകുഴിയില്‍ ദിവസേന കുറേ അളവില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെടുന്നു. ഇതില്‍ 124 ഏക്കറാണ് ധാരാവി പുനരധിവാസ പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
കേന്ദ്ര മാലിന്യ നിയന്ത്രണ ബോര്‍ഡിന്റെ 2024ലെ റിപ്പോര്‍ട്ട് പ്രകാരം, ദിയോണാര്‍ കുഴിയില്‍ മണിക്കൂറില്‍ 6202 കിലോഗ്രാം മീഥെയ്ന്‍ വായു പുറപ്പെടുന്നു. സജീവ മാലിന്യക്കുഴികളില്‍ നിന്നും 100 മീറ്റര്‍ പരിധിയില്‍ കുടിയേറാനോ താമസിക്കാനോ സി.പി.സി.ബിയുടെ (സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ്) അനുമതിയില്ല. ഈ പ്രദേശത്തേക്കാണ് ആധുനിക രീതിയിലുളള പുതിയ ഫ്ളാറ്റുകള്‍ പണിയാനും ആളുകളെ താമസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുകയാണ്. പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കാനിടയുളള ഈ നീക്കത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരും ആരോഗ്യ വിദഗ്ദരും ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പരിസ്ഥിതി വകുപ്പിന്റെ അനുമതി തേടുമെന്ന് ധാരാവി റി ഡെവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.