കണ്ണൂര്‍– കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂട്ടിയിട്ടിരുന്ന തുണിക്കടയിലെ ഗ്ലാസ് ഷോകേസില്‍ കുടുങ്ങിയ കുരുവിയെ രക്ഷിക്കാന്‍ നേരിട്ടെത്തി കണ്ണൂര്‍ ജില്ലാ ജഡ്ജി. ഉള്ളിക്കലില്‍ കഴിഞ്ഞ ആറുമാസമായി അടച്ചിരിക്കുന്ന കടയില്‍ നിന്ന് പക്ഷിയുടെ കരച്ചില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കണ്ണൂര്‍ ജില്ലാ കലക്ടര്‍ കെ. വിജയന്‍ ഇടപെട്ട് കുരുവിയെ രക്ഷിക്കാന്‍ എന്തു ചെയ്യാനാകുമെന്ന് ഉള്ളിക്കല്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറിയോട് ചര്‍ച്ച ചെയ്തു.
തുടര്‍ന്ന വിശദാംശങ്ങള്‍ ശേഖരിച്ച ജില്ലാ കലക്ടര്‍ വ്യാഴായ്ച കേരള ഹൈക്കോടതി ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും, ഹൈക്കോടതി ജില്ലാ കോടതിക്ക് വിവരം കൈമാറുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ ജഡ്ജി നിസാര്‍ അഹമ്മദ് തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരോടൊപ്പം സംഭവ സ്ഥലത്തെത്തി കട തുറക്കാന്‍ നിര്‍ദേശം നല്‍കി. പൂട്ടുകള്‍ തുറന്നതിനു ശേഷം കുരുവി പറന്നുയരാന്‍ ശ്രമിക്കുകയും രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ അതിനെ കയ്യിലെടുത്ത് പുറത്ത് വന്ന് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും കാണിച്ചു. തുടര്‍ന്ന് പക്ഷിയെ പറത്തിവിടുകയായിരുന്നു.