ബാഴ്‌സലോണ: ജർമൻ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് ബാഴ്‌സലോണയും ഇംഗ്ലീഷ് ക്ലബ്ബ് ആസ്റ്റൻവില്ലയെ 3-1 ന് വീഴ്ത്തി പി.എസ്.ജിയും യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യപാദം ആഘോഷമാക്കി. സ്വന്തം തട്ടകത്തിൽ റോബർട്ട് ലെവന്റവ്‌സ്‌കിയുടെ ഇരട്ട ഗോളും റഫിഞ്ഞ, ലമീൻ യമാൽ എന്നിവരുടെ ഗോളുകളാണ് ബാഴ്‌സയ്ക്ക് വൻ ജയമൊരുക്കിയത്. പാരിസിൽ നടന്ന മത്സരത്തിൽ ആസ്റ്റൻവില്ല മോർഗൻ റോജേഴ്‌സിലൂടെ ആദ്യം ഗോളടിച്ച് ഞെട്ടിച്ചെങ്കിലും ഡിസയർ ഡൂവ്, ക്വിച്ച ക്വറസ്‌കെലിയ, നുനോ മെൻഡസ് എന്നിവരിലൂടെ തിരിച്ചടിച്ച് പി.എസ്.ജി നില ഭദ്രമാക്കി.
2025-ൽ അപരാജിതരായി മിന്നും ഫോം തുടരുന്ന ബാഴ്‌സ ഒളിംപിക് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ 25-ാം മിനുട്ടിൽ തന്നെ മുന്നിലെത്തി. പൗ കുബാർസി ഗോൾകീപ്പറെ നിസ്സഹായനാക്കി വലയിലേക്കു തട്ടിയിട്ട പന്തിൽ അവസാന സ്പർശം നൽകി റഫിഞ്ഞയാണ് ഗോളടി മാമാങ്കം തുടർന്നത്. ഈ ചാമ്പ്യൻസ് ലീഗ് സീസണിൽ താരത്തിന്റെ 12-ാം ഗോളായിരുന്നു ഇത്.
48-ാം മിനുട്ടിൽ റഫിഞ്ഞയുടെയും 66-ാം മിനുട്ടിൽ ഫെർമിൻ ലോപ്പസിന്റെയും അസിസ്റ്റിൽ ഗോളുകൾ നേടിയ ലെവന്റവ്‌സ്‌കി ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ ഗോൾ നേട്ടം പത്താക്കി ഉയർത്തി. മൂന്ന് വ്യത്യസ്ത ക്ലബ്ബുകൾക്കു വേണ്ടി ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ പത്ത് ഗോൾ നേടുന്ന ആദ്യതാരം എന്ന റെക്കോർഡും പോളണ്ട് താരം ഇതോടെ സ്വന്തം പേരിലാക്കി.
77-ാം മിനുട്ടിൽ ലമീൻ യമാലിന്റെ ഗോളിന് വഴിയൊരുക്കിയും റഫിഞ്ഞ തിളങ്ങി. ബ്രസീൽ താരത്തിന്റെ ലീഗിലെ ഏഴാം അസിസ്റ്റായിരുന്നു ഇത്. നേരത്തെ, ഒരു സീസണിൽ പത്ത് ഗോളും അഞ്ച് അസിസ്റ്റും നേടുന്ന ആദ്യ കളിക്കാരനെന്ന റെക്കോർഡ് താരം സ്വന്തം പേരിലാക്കിയിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ സിറ്റിയെയും ലിവർപൂളിനെയും തോൽപ്പിച്ച് ക്വാർട്ടറിലെത്തിയ പി.എസ്.ജി വ്യക്തമായ ആധിപത്യത്തോടെയാണ് മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റൻ വില്ലയെയും കീഴടക്കിയത്. കളിയുടെ ഗതിക്കെതിരായ ആദ്യ ഗോൾ വഴങ്ങിയെങ്കിലും പതറാതെ തിരിച്ചടിച്ച ലൂയിസ് എൻറിക്കിന്റെ സംഘം അർഹിച്ച ജയം സ്വന്തമാക്കുകയായിരുന്നു.
ലീഗിലെ മറ്റ് ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരങ്ങളിൽ ആഴ്‌സനൽ റയൽ മാഡ്രിഡിനെയും ഇന്റർ മിലാൻ ബയേൺ മ്യൂണിക്കിനെയും തോൽപ്പിച്ചിരുന്നു. ഗണ്ണേഴ്‌സിനോട് എതിരില്ലാത്ത നാലു ഗോളിന് തോറ്റ റയലിന് ഈ മാസം 17-ന് സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദത്തിൽ കടുത്ത മത്സരം നേരിടേണ്ടി വരും. 16-നാണ് ഡോട്മുണ്ട് – ബാഴ്‌സ, ആസ്റ്റൻവില്ല – പി.എസ്.ജി രണ്ടാം പാദ മത്സരങ്ങൾ.