വാഷിങ്ടണ്‍– നിര്‍മ്മാണ കമ്പനികളെ അമേരിക്കയിലേക്ക് എത്തിക്കാനും തൊഴില്‍ സാധ്യത സൃഷ്ടിക്കുവാനും വേണ്ടി യു.എസ് സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ച തീരുവ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിള്‍ ഐഫോണുകള്‍ പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ ഒരു ഫോണിന് 3500 അമേരിക്കന്‍ ഡോളര്‍ (3 ലക്ഷം രൂപ) ആയി വിലകൂടും. നിലവില്‍ ഒരു ഐഫോണിന് ഏകദേശം 1000 ഡോളര്‍ വിലവരും. അമേരിക്കയില്‍ നിര്‍മ്മാണത്തിനായി നൂതന ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചിലവ് കാരണമാണ് വിലയില്‍ വലിയ വ്യത്യാസം കാണിക്കുന്നത്.
തൊഴില്‍ ചിലവ് കുറവായതിനാല്‍ ഐഫോണുകള്‍ ഭൂരിഭാഗവും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. ഐഫോണിന്റെ ചിപ്പുകളാണെങ്കില്‍ പ്രധാനമായും തായ്‌വാനിലും, സ്‌ക്രീനുകള്‍ ദക്ഷിണ കൊറിയയിലും, മറ്റ് ഭാഗങ്ങള്‍ ചൈനയിലുമാണ് നിര്‍മ്മിക്കുന്നത്. പിന്നീട് ലോകത്തിന്റെ പലഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഈ അന്താരാഷ്ട്ര വിതരണ ശൃംഖലയാണ് ആപ്പിളിന്റെ ചിലവ് കുറക്കാനും ഉയര്‍ന്ന ലാഭമുണ്ടാക്കാനും സഹായിക്കുന്നത്.
പുതിയ താരിഫുകള്‍ പ്രഖ്യാപിച്ചതിനുശേഷം ആപ്പിളിന്റെ ഓഹരി വില 25 ശതമാനം കുറഞ്ഞിരിക്കുകയാണ്. ആപ്പിള്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനായി ബദല്‍ സംവിധാനമായി ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ കുറഞ്ഞ താരിഫുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇറക്കുമതി ചെയ്യുന്ന പാര്‍ടുസുകളുടെ ചിലവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇനി ആപ്പിള്‍ ഉല്‍പാദനം യു.എസിലേക്ക് മാറ്റിയില്ലെങ്കിലും ഐഫോണ്‍ വില ഉയരുക തന്നെ ചെയ്യും. ഈ ചിലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ തന്നെ പുതിയ മോഡല്‍ ഫോണുകളുടെ വില 43 ശതമാനം വരെ കൂടുതലായിരിക്കും.