ന്യൂഡല്‍ഹി– മുസ്ലിംകള്‍ക്കെതിരെ ‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശവുമായി യോഗ ഗുരു ബാബ രാംദേവ് വീണ്ടും വിവാദത്തില്‍. സര്‍ബത്ത് വിറ്റ് രാജ്യത്ത് പള്ളികള്‍ നിര്‍മ്മിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജിഹാദിന്റെ ഭാഗമായി വില്‍ക്കുന്ന ഉല്‍പന്നങ്ങളില്‍ നിന്ന് നിങ്ങളേയും കുടുംബത്തെയും സംരക്ഷിക്കാന്‍ പതഞ്ജലിയുടെ സര്‍ബത്ത് ജ്യൂസ് മാത്രം ഉപയോഗിക്കുക എന്ന് നിര്‍ദേശിക്കുന്ന വീഡിയോ അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് പങ്കുവെച്ചത്.
പതഞ്ജലിയുടെ റോസ് സര്‍ബത്തിന്റെ പ്രചരണത്തിനിടയിലാണ് വിവാദപരാമര്‍ശം നടത്തിയത്. പതഞ്ജലി പ്രൊഡക്ട്‌സ് എന്ന പേജിലാണ് വീഡിയോ പങ്കുവെച്ചത്. ശീതളപാനീയങ്ങളെയും രാംദേവ് വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്. വേനല്‍ക്കാലം മുതലെടുത്ത് ആളുകള്‍ക്ക് വിഷം വില്‍ക്കുന്നുവെന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ഒരു പ്രത്യേക കമ്പനി ഉല്‍പന്നങ്ങള്‍ വാങ്ങുന്നത് മദ്രസകള്‍ക്കും പള്ളികള്‍ക്കും പണം നല്‍കുന്നതിന് തുല്യമാണ്. എന്നാല്‍ പതഞ്ജലി റോസ് സര്‍ബത്ത് വില്‍പനയിലൂടെ ലഭിക്കുന്ന പണം ഗുരുകുലങ്ങള്‍ക്കും, ആചാര്യകുലത്തിനും പതഞ്ജലി യൂണിവേഴ്‌സിറ്റിക്കുമാണ് ലഭിക്കുന്നതെന്ന് രാംദേവ് അവകാശപ്പെട്ടു.