അബുദാബി: സ്പോർട്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച അബുദാബി ഗ്രാൻഡ് ഫിഷിങ് ചാംപ്യൻഷിപ്പിൽ സ്വദേശികളോട് മത്സരിച്ച മലയാളി ടീം സമ്മാനം നേടി. ക്യാപ്റ്റൻ കൊല്ലം പത്തനാപുരം സ്വദേശി ഷെഹീർ ഹബീബുല്ലക്കൊപ്പം മലപ്പുറം തിരുനാവായ സ്വദേശി ജിഷാം റഹ്മാൻ, തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിധു ദാമോദരൻ എന്നിവരായിരുന്നു കടലിൽ മൂന്നു ദിവസം നീണ്ട മത്സരത്തിൽ പങ്കെടുത്തത്. 19.12 കിലോ തൂക്കമുള്ള കിങ് ഫിഷിനെ (നെയ്മീൻ) പിടിച്ചാണ് ടീം സമ്മാനം നേടിയത്.
39-ാം സ്ഥാനത്ത് എത്തിയ ഇവർക്ക് 6000 ദിർഹമാണ് സമ്മാനം ലഭിച്ചത്. ഒന്നാം സമ്മാനമായ ഒന്നര ലക്ഷം ദിർഹത്തിന് എമറാത്തിയായ ഫാരിസ് അൽ മസ്റൂഇയാണ് അർഹനായത്. 34.35 കിലോ തൂക്കമുള്ള നെയ്മീൻ പിടിച്ചാണ് ഫാരിസ് അൽ മസ്റൂഇ വിജയിയായത്. മോസ അൽ ഹമ്മാദിക്ക് (34.7 കിലോ) രണ്ടാം സമ്മാനം (1 ലക്ഷം ദിർഹം), സാലിം അൽ സാബി (32.76 കിലോ) മൂന്നാം സമ്മാനം (50,000 ദിർഹം) നേടി.
മൂന്ന് റൗണ്ടുകൾ അടങ്ങിയ ചാമ്പ്യൻഷിപ്പിലെ രണ്ട് റൗണ്ടുകളാണ് പൂർത്തിയായത്. ഈ മാസം അവസാനത്തിൽ നടക്കുന്ന മൂന്നാം റൗണ്ട് ചാമ്പ്യൻഷിപ്പിൽ ഫൈനൽ വിജയിക്ക് നിസാൻ പെട്രോൾ കാറാണ് സമ്മാനമായി കൊടുക്കുന്നത്. അബുദാബി, അൽ മിർഫ, ഡെൽമ ദ്വീപ് എന്നിവിടങ്ങളിലായി നടന്ന മത്സരത്തിൽ 410 ബോട്ടുകളിലായി 17 രാജ്യങ്ങളിൽ നിന്നുള്ള 2,100 പേരാണ് പങ്കെടുത്തത്.
2019 ൽ തുടക്കമായ ‘ഫിഷിങ് ടൈഡ്സ്’ എന്ന പേരിലുള്ള മലയാളി സംഘത്തിൽ ക്യാപ്റ്റൻ സിയാദ് ഹനീഫ് (കാസർകോട്, തളങ്കര), നൈസാം യൂനുസ് ,ക്യാപ്റ്റൻ കിരൺ (തിരുവനന്തപുരം കിളിമാനൂർ), ഹാരിസ് (കാഞ്ഞങ്ങാട്), ഷബീർ മുസ്തഫ (കണ്ണൂർ, മാട്ടുൽ), അബ്ദുൽമുത്തലിബ് (വയനാട്, മാനന്തവാടി) എന്നിവരും അംഗങ്ങളാണ്. ലീൻ ഫിറ്റ്നസ് ക്ലബാണ് ടീമിനെ സ്പോൺസർ ചെയ്തത്.