വാഷിങ്ടണ്‍– കരീബിയന്‍ മേഖലയിലെ പ്രശസ്ത സഞ്ചാരകേന്ദ്രമായ ബഹാമാസിലേക്ക് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ലെവല്‍ 2 യാത്രാ നിര്‍ദേശം പുറത്തിറക്കി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ടൂറിസ്റ്റുകള്‍ക്ക് നേരെ ലൈംഗികാതിക്രമം, കവര്‍ച്ച, സുരക്ഷയില്ലാത്ത വാട്ടര്‍ സ്‌പോര്‍ട്‌സ്, സ്രാവുകളുടെ ആക്രമണം എന്നീ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കര്‍ശന നിര്‍ദേശം.
ഗുണ്ടാസംഘങ്ങളുടെ വിളയാട്ടവും ആക്രമങ്ങളും നിരന്തരം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ബഹാമാസിന്റെ തലസ്ഥാന പ്രദേശങ്ങളായ ഓവര്‍ദി ഹില്‍ പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് യു.എസ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ഹോട്ടലുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും, പരിചയമില്ലാത്ത ആളുകള്‍ വന്നാല്‍ വാതിലുകള്‍ തുറക്കരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. നിരവധി ദ്വീപുകളുള്ള ബഹാമയിലെ വാട്ടര്‍ സ്‌പോര്‍ട്‌സുകളിലും ബോട്ടിംഗ് സര്‍വീസീലും സുരക്ഷാ മാനദണ്ഡങ്ങളോ, ലൈസന്‍സോ,ഇന്‍ഷുറന്‍സോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിനാൽ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ പോകുന്ന മേഖലകളെ കുറിച്ച് ബോധവാന്മാരായിരിക്കുക, പൊതുസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കുക, സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശമനമായി പാലിക്കുക എന്നിവയാണ് അമേരിക്കയുടെ പ്രധാനപ്പെട്ട മുന്നറിയിപ്പുകള്‍.