കൊല്‍ക്കത്ത– പശ്ചിമ ബംഗാളിലെ അധ്യാപന നിയമന വിവാദത്തില്‍ മമതാ സര്‍ക്കാറിന് തിരിച്ചടി. അധ്യാപന നിയമനം റദ്ദാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവെച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെ തീര്‍ത്തും ചട്ടവിരുദ്ധമായാണ് നിയമനങ്ങള്‍ നടന്നതെന്ന് സുപ്രീം കോടതി വിലയിരുത്തി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് പി.വി സഞ്ജയ് കുമാറുമടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടി ശരിവെച്ചത്. മൂന്ന് മാസത്തിനുള്ളില്‍ പുതിയ നിയമന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കോടതി സര്‍ക്കാറിനോട് ഉത്തരവിട്ടു. 2016 ന് ശേഷം ഈ രീതിയില്‍ നിയമനം ലഭിച്ച ആരും ശമ്പളം തിരികെ നല്‍കേണ്ടതില്ലെന്നും അങ്ങനെയല്ലാത്തവര്‍ തിരികെ നല്‍കണമെന്നും കോടതി വ്യക്തമാക്കി. ഭിന്ന ശേഷിക്കാര്‍ക്ക് കോടതി ഇളവ് നല്‍കി.
2016ലാണ് സര്‍ക്കാര്‍ സ്‌പോണ്‍സേഡ്, എയ്ഡഡ് സ്‌കൂളിലേക്ക് സംസ്ഥാന തല സെലക്ഷന്‍ റിക്രൂട്ട്‌മെന്റ് നടത്തിയത്. ഈ നിയമനങ്ങള്‍ എല്ലാം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ മതിയായ തെളിവുകളില്ലാതെ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിയമനങ്ങള്‍ റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
24640 ഒഴിവുകളിലേക്ക് നിയമവിരുദ്ധ നിയമനം നടത്തിയെന്ന ആരോപണത്തില്‍ മമതയുടെ വിശ്വസ്തരടക്കം ഉള്‍പ്പെട്ടത് പശ്ചിമ ബംഗാള്‍ സര്‍ക്കാറിന് വലിയ ക്ഷീണമുണ്ടാക്കി. സുപ്രീം കോടതിവിധി മമതക്ക് വലിയ തിരിച്ചടിയാണെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു.