ജിദ്ദ – സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കുമായി ബന്ധപ്പെട്ട വിഷന്‍ 2030 ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചതിലും ആറു മുമ്പേ കൈവരിച്ച് സൗദി അറേബ്യ. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാനാണ് 2016 ല്‍ സമാരംഭം കുറിച്ച വിഷന്‍ 2030 ല്‍ ലക്ഷ്യമിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം നാലാം പാദത്തോടെ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചു. നാലാം പാദാവസാനത്തോടെ സൗദികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 0.8 ശതമാനം തോതില്‍ കുറഞ്ഞ് ഏഴു ശതമാനമായി.
1999 ല്‍ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. വിഷന്‍ ആരംഭിക്കുന്നതിന് മുമ്പ് തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായിരുന്നു.
സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ 1.7 ശതമാനം തോതില്‍ കുറഞ്ഞ് 11.9 ശതാനമായി. വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഇത്രയും കുറയുന്നത് ആദ്യമാണ്. സൗദി പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 0.3 ശതമാനം കുറഞ്ഞ് 4.3 ശതമാനമായി. സൗദി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ ചരിത്രപരമായ കുറവ് രേഖപ്പെടുത്തി. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതിന്റെ ഫലമായി 2017 നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 19 ശതമാനത്തിലേറെ കുറഞ്ഞു.
സ്വദേശികളുടെ സാമ്പത്തിക പങ്കാളിത്ത നിരക്ക് 51.1 ശതമാനമായി ഉയര്‍ന്നു. ഇത് തൊഴില്‍ വിപണിയുടെ ആകര്‍ഷണീയതയും പൗരന്മാര്‍ക്ക് സാമ്പത്തിക അവസരങ്ങള്‍ നല്‍കാനുള്ള അതിന്റെ കഴിവും പ്രതിഫലിപ്പിക്കുന്നു. സൗദി വനിതകളുടെ തൊഴില്‍ വിപണി പങ്കാളിത്തം 2024 ലെ നാലാം പാദത്തില്‍ 36 ആയി ഉയര്‍ന്നു. തൊഴില്‍ വിപണിയില്‍ നടത്തുന്ന വനിതാ ശാക്തീകരണ ശ്രമങ്ങള്‍ തൊഴിലില്ലായ്മ നിരക്ക് വേഗത്തില്‍ കുറക്കാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ നിശ്ചിത സമയത്തിനു മുമ്പായി കൈവരിക്കാനും സഹായിച്ചതായി വിലയിരുത്തപ്പെടുന്നു. സൗദിവല്‍ക്കരണ പ്രോഗ്രാമുകളും വന്‍തോതിലുള്ള സര്‍ക്കാര്‍ ധനവിനിയോഗവും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സഹായകമായി. 2023 ആദ്യ പാദത്തില്‍ 8.7 ഉം രണ്ടാം പാദത്തില്‍ 8.5 ഉം മൂന്നാം പാദത്തില്‍ 8.8 ഉം നാലാം പാദത്തില്‍ 7.8 ഉം 2024 ആദ്യ പാദത്തില്‍ 7.6 ഉം രണ്ടാം പാദത്തില്‍ 7.1 ഉം മൂന്നാം പാദത്തില്‍ 7.8 ഉം നാലാം പാദത്തില്‍ 7 ഉം ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്.
തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് സൗദി സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെ കുറിച്ച ശക്തമായ സൂചനയാണ്. സൗദി തൊഴില്‍ വിപണിയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിയമ പരിഷ്‌കരണം, തൊഴില്‍ സ്ഥിരത മെച്ചപ്പെടുത്താനും തൊഴില്‍ അന്തരീക്ഷം വികസിപ്പിക്കാനും എല്ലാ തൊഴിലാളികള്‍ക്കും ന്യായമായ പരിഗണന ഉറപ്പാക്കാനുമുള്ള പരിഷ്‌കാരങ്ങള്‍, സൗദിവല്‍ക്കരണ പദ്ധതി എന്നീ ഘടകങ്ങളെല്ലാം തൊഴിലില്ലായ്മ കുറക്കാന്‍ സഹായിച്ചു.
ബിനാമി ബിസിനസ് വിരുദ്ധ നിയമം പ്രഖ്യാപിക്കല്‍, ലേബര്‍ മാര്‍ക്കറ്റ് പോളിസി ഏജന്‍സി വഴി തൊഴില്‍ വിപണിയില്‍ മത്സരശേഷി വര്‍ധിപ്പിക്കല്‍, സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലൂടെ വളര്‍ന്നുവരുന്ന മേഖലകളെ ഉത്തേജിപ്പിക്കല്‍ അടക്കമുള്ള പരിഷ്‌കാരങ്ങളും ശ്രമങ്ങളും തൊഴില്‍ വിപണിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനും പൗരന്മാര്‍ക്ക് ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ നല്‍കാനുള്ള അതിന്റെ ശേഷി ശക്തിപ്പെടുത്താനും ഫലപ്രദമായി സഹായിച്ചു. എണ്ണയിതര സമ്പദ്വ്യവസ്ഥയിലെ വളര്‍ച്ച സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ആക്കം കൂട്ടി. സൗദി സാമ്പത്തിക പരിഷ്‌കരണ പരിപാടി എണ്ണയിതര മേഖലയെ സമ്പദ്വ്യവസ്ഥയുടെ ചാലകശക്തിയായും വൈവിധ്യവല്‍ക്കരണത്തിലേക്കുള്ള പാതയായും ആശ്രയിക്കുന്നു.