അബുദാബി: യു.എ.ഇയിൽ ഇന്ത്യാ ഹൗസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ) ഡയറക്ടർ ജനറൽ കെ. നന്ദിനി യു.എ.ഇ വിദേശകാര്യമന്ത്രാലയ സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബിയുമായി ചർച്ച നടത്തി. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ പ്രദർശിപ്പിക്കാനുള്ള സാംസ്കാരിക കേന്ദ്രമായി ഇന്ത്യാ ഹൗസ് പ്രവർത്തിക്കും.
സാംസ്കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറി മുബാറക് അൽ നഖി, കായികമന്ത്രാലയം അണ്ടർസെക്രട്ടറി ഘാനേം അൽ ഹജേരി, ഇന്ത്യയിലെ യുഎഇ സ്ഥാനപതി അബ്ദുൽ നാസർ അൽ ഷാലി, സാമ്പത്തിക മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുൽ റഹ്‌മാൻ അൽ മഈനിഎന്നിവരും യുഎഇ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. കല, വിദ്യാഭ്യാസം, വ്യവസായം, പൈതൃക സംരക്ഷണം തുടങ്ങിയവയിലെല്ലാം സഹകരണം വർധിപ്പിക്കാനുള്ള ശ്രമങ്ങളും ചർച്ചയായി. കലാപരമായ സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനുള്ള വഴികളും ചർച്ചചെയ്തു. കൂടിക്കാഴ്ച ഏറെ ഫലപ്രദമായിരുന്നെന്നും കലാസാംസ്കാരിക മേഖലകളിൽ പരസ്പര സഹകരണം തുടരുമെന്നും നൂറ ബിൻത് മുഹമ്മദ് അൽ കഅബി പറഞ്ഞു.