ന്യൂഡല്‍ഹി– പ്രതിപക്ഷത്തെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. പക്ഷെ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യ ഘടനയനുസരിച്ച് പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കണമായിരുന്നു. പക്ഷെ സഭ നടപടികള്‍ ചട്ടമനുസരിച്ചല്ല നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ മഹാകുംഭമേളയെയും ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും പുകഴ്ത്തി സംസാരിച്ചിരുന്നു. ലോക്‌സഭയില്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കിയ കേന്ദ്രത്തിന്റെ നടപടിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
സ്പീക്കറോട് സംസാരിക്കാന്‍ അനുവാദം ചോദിക്കുമ്പോള്‍ അദ്ദേഹം മുഖം തിരിക്കുകയാണ്. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്ന സംഗതി പറയാന്‍ അനുവാദം നല്‍കുന്നില്ല. കഴിഞ്ഞ 8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. പ്രതിപക്ഷത്തെ ഇല്ലാതാക്കുനുള്ള പുതിയ തന്ത്രമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ഭരണ നേട്ടങ്ങളെന്ന് എണ്ണിപ്പറഞ്ഞ് ശുഭാപ്തി വിശ്യാസത്തോടെ സംസാരിക്കുന്ന പ്രധാനമന്ത്രിയോട് തൊഴിലില്ലായ്മയെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനമെന്താണെന്ന് മനസ്സിലാവുന്നില്ല. 70 പ്രതിപക്ഷ എം.പി മാര്‍ സ്പീക്കറെ കണ്ട് പരാതി പറഞ്ഞു. രാഹുല്‍ സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കണമെന്നാണ് സ്പീക്കര്‍ മറുപടി പറഞ്ഞത്