റിയാദ്: പതിനാറുകാരിയെ വിവാഹം ചെയ്ത് റിയാദിലേക്ക് തിരിച്ച ശേഷം വധുവിന്റെ പരാതിയില്‍ പോക്‌സോ കേസില്‍ കുടുങ്ങിയ മണ്ണാര്‍ക്കാട് സ്വദേശിയെ കേരള പോലീസ് നാട്ടിലെത്തിച്ചു. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്പ്രസില്‍ പുറപ്പെട്ട ഇവര്‍ രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷനില്‍ നടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജറാക്കും.
2022ലാണ് 16 വയസുള്ള കുട്ടിയെ യുവാവ് വിവാഹം ചെയ്തത്. റിയാദില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം അവധിക്കെത്തി വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുശേഷം മടങ്ങി. മാസങ്ങള്‍ക്ക് ശേഷം വധുവും ബന്ധുക്കളും ഭര്‍ത്താവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് മണ്ണാര്‍ക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പ്രതി റിയാദിലായതിനാല്‍ പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ഇന്റര്‍പോള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. അറസ്റ്റ് ഭയന്ന് 2022ന് ശേഷം ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് കൂടി പുറപ്പടുവിച്ചതോടെ നാഷനല്‍ സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്ത്യയുടെ ആവശ്യപ്രകരം സൗദി ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി സുന്ദരന്‍, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവരാണ് കേസിന്റെ ഭാഗമായി അഞ്ച് ദിവസം മുമ്പ് റിയാദിലെത്തിയത്. ഇന്നലെ രാത്രി വിമാനത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ കേരള പോലീസ് സംഘത്തിന് സൗദി പോലീസ് കൈമാറിയത്. ചൈല്‍ഡ് മാരേജ് ആക്റ്റ് ലംഘനം, പോക്‌സോ കേസ് എന്നിവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ശൈശവ വിവാഹ നിരോധന നിയമമനുസരിച്ചുള്ള കുറ്റമുണ്ടെന്നും കണ്ടെത്തി അതുംകൂടി യുവാവിനെതിരെ ചുമത്തിയത്. ഇതനുസരിച്ച് വരന്റെയും വധുവിന്റെയും മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ ആയിരുന്നു പരിഭാഷകനായി കൂടെയുണ്ടായിരുന്നത്.