ന്യൂഡല്‍ഹി– സംസ്ഥാനത്ത് ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷമാണെന്ന് അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ ഒരു മുസ്ലിം കുടുംബം സുരക്ഷിതമായിരിക്കും, എന്നാല്‍ നേരെ തിരിച്ചായാല്‍ അങ്ങനയല്ല, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദുക്കളായാല്‍ പോലും സുരക്ഷിതത്വം തോന്നുന്നില്ലെന്ന് യോഗി പറഞ്ഞു. ബംഗാളിലെ ന്യൂനപക്ഷങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും നേരെയുമുള്ള അക്രമങ്ങളെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ഷെയ്ക്ക് ഹസീനയുടെ നേത്രത്വത്തിലുള്ള സര്‍ക്കാര്‍ വീണതിനു ശേഷം ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുകയും നിരവധി പുരോഹിതന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ വീടുകള്‍ തീവെച്ച് നശിപ്പിച്ചു. മുസ്ലിം തീവ്രവാദികള്‍ 150 ല്‍ കൂടുതല്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ് പാകിസ്ഥാനായിരുന്നെന്നും യോഗി പറഞ്ഞു.
യു.പിയില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗ്ഗീയ കലാപങ്ങളെ തുടച്ചു നീക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ എല്ലാവരും സുരക്ഷിതരാണ്. 2017ന് മുമ്പ് യു.പിയില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നു. ഹിന്ദുക്കളുടെ കട കത്തുന്നുണ്ടെങ്കില്‍ മുസ്ലിംകളുടെ കടയും കത്തും, ഹിന്ദുക്കളുടെ വീട് കത്തുന്നുണ്ടെങ്കില്‍ മുസ്ലിം വീടുകളും കത്തും. ഇപ്പോള്‍ യു.പി ശാന്തമാണെന്ന് യോഗി പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളില്‍ ഉയര്‍ന്നു വരുന്ന തര്‍ക്കമായ ഹിന്ദു സ്ഥലങ്ങളില്‍ നിര്‍മ്മിച്ച പള്ളി ഇസ്ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഷാഹി ജുമാ മസ്ജിദില്‍ സര്‍വ്വേക്ക് കോടതി ഉത്തരവിട്ടപ്പോള്‍ ഉണ്ടായ ആക്രമത്തില്‍ 5 പേരാണ് മരിച്ചത്. അവിടെയുള്ള ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുമെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.