കോഴിക്കോട്– കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും വലിയ തിരിച്ചടിയാകുന്നവിധം, ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഏഴുവര്‍ഷത്തെ സേവനം അവസാനിപ്പിക്കുന്നു. മാര്‍ച്ച് 31-രാവിലെ 5 മണിക്ക് ഗള്‍ഫ് എയര്‍ കരിപ്പൂരില്‍ നിന്നുള്ള അവസാന സര്‍വിസ് നടത്തും.
ബഹ്‌റൈന്‍,ദോഹ എന്നിവിടങ്ങളിലേക്ക് നടത്തി വന്ന ഗള്‍ഫ് എയര്‍ കമ്പനിയുടെ സേവന പുനഃസംഘടനയുടെ ഭാഗമായി കരിപ്പൂരിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.തുടര്‍ച്ചയായി വിവിധ വിമാനക്കമ്പനികള്‍ കരിപ്പൂരില്‍ നിന്നു സര്‍വീസ് അവസാനിപ്പിക്കുന്നത്, ഗള്‍ഫ് രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആശങ്കപ്പെടുന്നു.
2018-ല്‍ ആരംഭിച്ച കോഴിക്കോട്-ബഹ്റൈന്‍, ദോഹ റൂട്ടുകളില്‍ ഗള്‍ഫ് എയര്‍ മികച്ച സേവനം നല്‍കിവരികയായിരുന്നു. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാക്കിയത് കൊണ്ടും ഗുണമേന്മയുള്ള സേവനം നല്‍കിയതുകൊണ്ടും ഈ വിമാനക്കമ്പനിക്ക് നല്ല പ്രതികരണമായിരുന്നു. എന്നാല്‍, സര്‍വീസ് അവസാനിപ്പിച്ചതോടെ ഈ റൂട്ടുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ ഇടയുണ്ട്. മറ്റ് വിമാനങ്ങള്‍ക്കു യാത്ര തിരക്കുയര്‍ന്നേക്കുമെന്നത് വ്യക്തമാണ്.ഈ സാഹചര്യത്തില്‍, കരിപ്പൂര്‍ വഴി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കും വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
വിവിധ വിമാനക്കമ്പനികള്‍ പിന്മാറുന്നതോടെ, ഹജ്ജ് യാത്രകളുടെ ഭാവിയേക്കുറിച്ച് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. മുമ്പ് എയര്‍ ഇന്ത്യ, സൗദിയ എന്നീ വിമാനക്കമ്പനികളും കരിപ്പൂരില്‍ നിന്ന് സര്‍വീസ് അവസാനിപ്പിച്ചിരുന്നു. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍, കരിപ്പൂര്‍ വിമാനത്താവളത്തിന് വലിയ വെല്ലുവിളിയാവുമെന്നതില്‍ സംശയമില്ല. വിമാനത്താവള ഉപദേശക സമിതി അംഗം എ.കെ.എ. നസീര്‍, കോണ്ടോട്ടി എം.എല്‍.എ ടി.വി. ഇബ്രാഹിം എന്നിവരും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.