ബ്യൂണസ് ഐറിസ്: ഉറുഗ്വേയ്ക്കെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായി അര്‍ജന്റീന. ലാറ്റിന്‍ അമേരിക്കാ യോഗ്യതാ റൗണ്ടില്‍ ക്യാപ്റ്റന്‍ മെസ്സിയില്ലാതെ ഇറങ്ങിയ നീലപ്പട ഒരു ഗോളിനാണ് ഉറുഗ്വേയെ തകര്‍ത്തത്. രണ്ടാം പകുതിയില്‍ തിയാഗോ അല്‍മാഡ നേടിയ ഗോളിലാണ് അര്‍ജന്റീന വിജയമുറപ്പിച്ചത്. 68ാം മിനിറ്റിലാണ് അല്‍മാഡയുടെ വിജയഗോളെത്തിയത്.
കരുത്തരായ ഉറുഗ്വേയ്ക്കെതിരെ നേടിയ വിജയത്തോടെ 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിന് തൊട്ടരികിലാണ് നിലവിലെ ചാംപ്യന്മാര്‍. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ നികോളാസ് ഗോണ്‍സാലസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടിവന്നു. ഉറുഗ്വേയുടെ നഹിതന്‍ നാന്‍ഡസിനെതിരെ ഫൗള്‍ ചെയ്തതിനാണ് ഗോണ്‍സാലസിനെതിരെ റഫറി റെഡ് കാര്‍ഡ് ശിക്ഷ നല്‍കിയത്. അവസാന രണ്ട് മിനിറ്റുകളില്‍ അര്‍ജന്റീന പത്ത് പേരായി ചുരുങ്ങിയെങ്കിലും വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അര്‍ജന്റീന. രണ്ടാം സ്ഥാനത്തുള്ള ഇക്വഡോറിനേക്കാള്‍ ആറ് പോയിന്റ് മുന്നിലാണ് നീലപ്പട. അടുത്തതായി ചിരവൈരികളായ ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ പോരാട്ടം. മാര്‍ച്ച് 26ന് നടക്കുന്ന മത്സരത്തില്‍ മെസ്സി തുടര്‍ച്ചയായ പരിക്ക് കാരണം ബ്രസീലിന് എതിരെയും കളിക്കില്ല. പരിക്ക് കാരണം നെയ്മറും അര്‍ജന്റീനയ്‌ക്കെതിരായ ബ്രസീലിയന്‍ നിരയിലുണ്ടായിരിക്കില്ല.