ന്യൂയോര്‍ക്ക്– 9 മാസത്തെ കാത്തിരിപ്പിന് ശേഷം ബഹിരാകാശത്തു നിന്ന് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഇരുവരെയും വഹിച്ചു കൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഇന്ത്യന്‍ സമയം രാവിലെ 10.35ന് പുറപ്പെട്ടു.
പതിനേഴ് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന യാത്ര ബുധനാഴ്ച പുലര്‍ച്ചെ 3.27 ന് അവസാനിക്കും. ഫ്‌ളോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലിലാണ് ഡ്രാഗണ്‍ പേടകം ഇറക്കുക. ക്രൂ-9 സംഘത്തില്‍ സുനിത വില്യംസിനും ബുച്ചിനും പുറമെ നിക്‌ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങും.
2024 ജൂണ്‍ മുതല്‍ വില്യംസും ബുച്ചറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ബഹിരാകാശ യാത്ര ചെയ്ത ബോയിംഗ് സ്റ്റാര്‍ലൈനറുടെ ഹീലിയം ചോര്‍ച്ച, പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകര്‍ച്ച എന്നിവ കാരണത്താല്‍ എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം നിശ്ചയിച്ച സമയത്ത് മടങ്ങി വരാന്‍ കഴിഞ്ഞില്ല.
പലതവണ ഇവരെ മടക്കി കൊണ്ടു വരാന്‍ നാസ ശ്രമിച്ചെങ്കിലും അപകടസാധ്യത മുന്നില്‍ക്കണ്ട് മാറ്റി വെക്കുകയായിരുന്നു. സ്റ്റാര്‍ലൈനർ പേടകത്തെ പിന്നീട് ആളില്ലാതെ ന്യൂമെക്‌സികോയില്‍ 2024 സെപ്റ്റംബര്‍ ഏഴിന് ലാന്‍ഡ് ചെയ്യിച്ചു. 9 മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശനടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോകറെക്കോര്‍ഡ് കരസ്ഥമാക്കികൊണ്ടാണ് സുനിത വില്യംസിന്റെ തിരിച്ചുവരവ്.