കൊച്ചി– മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ സര്‍ക്കാറിന്റെ ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബെച്ചുകുര്യന്‍ തോമസ് കമ്മീഷന്‍ റദ്ദാക്കി ഉത്തരവിട്ടത്. മുനമ്പം വഖഫ് ഭൂമിയാണെന്ന് സിവില്‍ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. വഖഫ് ഭൂമിയില്‍ തീരുമാനമെടുക്കാനുള്ള അവകാശം വഖഫ് ബോര്‍ഡിനാണ്. ഇതിനാല്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
കമ്മീഷന് നിയമസാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് സാധ്യത. വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്നും വഖഫ് ഭൂമിയില്‍ അന്യേഷണം നടത്താന്‍ സര്‍ക്കാറിന് കഴിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സര്‍ക്കാര്‍ നല്‍കിയ മറുപടി. വസ്തുതാ അന്യേഷണമാണ് കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരണം നല്‍കി.