വാഷിങ്ടണ്‍– ഇറക്കുമതി തീരുവക്ക് പിന്നാലെ അമേരിക്കയിലേക്കുള്ള യാത്ര നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 41 രാജ്യങ്ങളെ 3 ഗ്രൂപ്പുകളാക്കി തിരിച്ച് വിസ വിലക്കേര്‍പ്പെടുത്താനാണ് നീക്കം. ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആദ്യ ഗ്രൂപ്പിലെ 10 രാജ്യങ്ങള്‍ക്ക് പൂര്‍ണ്ണമായ വിസ വിലക്കേര്‍പ്പെടുത്തും. രണ്ടാമത്തെ ഗ്രൂപ്പില്‍ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്മര്‍, ദക്ഷിണ സുഡാന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ടൂറിസ്റ്റ് വിസയും, സ്റ്റുഡന്റ് വിസയും ഭാഗിക സസ്‌പെന്‍ഷനുകള്‍ നേരിടേണ്ടിവരും.
മൂന്നാമത്തെ ഗ്രൂപ്പില്‍ പാകിസ്ഥാന്‍, ഭൂട്ടാന്‍, മ്യാന്മര്‍, എന്നിവയുള്‍പ്പെടെയുള്ള 26 രാജ്യങ്ങള്‍, 60 ദിവസത്തിനുള്ളില്‍ അവരുടെ സര്‍ക്കാറുകള്‍ പോരായ്മകള്‍ പരിഹരിച്ചിട്ടില്ലെങ്കില്‍ വിസ നല്‍കുന്നത് ഭാഗികമായി നിര്‍ത്തിവെക്കുന്നതിനെ കുറിച്ച് പരിഗണിക്കുമെന്ന് മെമ്മോയില്‍ പറയുന്നു. പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഉള്‍പ്പെടെയുള്ള ഭരണകൂടം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏഴ് ഭൂരിപക്ഷ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ടേം വിലക്കേര്‍പ്പെടുത്തിയിരുന്നു. 2018 ല്‍ സുപ്രീം കോടതി ഇത് ശരിവയ്ക്കുന്നതിന് മുമ്പ് നിരവധി തവണ ആവര്‍ത്തിച്ച നയമാണിത്. ദേശീയ സുരക്ഷാ ഭീഷണികള്‍ കണ്ടെത്തുന്നതിന് യുഎസിലേക്ക് പ്രവേശനം തേടുന്ന ഏതൊരു വിദേശിയുടെയും സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ജനുവരി 20 ന് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചു. ട്രംപിന്റെ നിര്‍ദ്ദേശം അദ്ദേഹത്തിന്റെ രണ്ടാം വരവിന്റെ തുടക്കത്തില്‍ ആരംഭിച്ച കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമാണ്.