ഒട്ടാവ– കനേഡിയന്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ ട്രംപിനെതിരെ വിമര്‍ശനവുമായി മാര്‍ക്ക് കാര്‍ണി. ട്രംപിനെ ബഹുമാനിക്കുന്നു. തല്‍ക്കാലം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കാര്‍ണി അറിയിച്ചു. സ്ഥാനമേറ്റതിന് ശേഷം നടത്തിയ കന്നിപ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന് നിര്‍ദേശിക്കുന്നത് അസംബന്ധമാണെന്ന് കാര്‍ണി പ്രതികരിച്ചു.
കടുത്ത ട്രംപ് വിരോധിയായ കാര്‍ണി അമേരിക്കയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കി. 20 ബില്യണ്‍ ഡോളറിന്റെ യു.എസ് ഉത്പന്നങ്ങള്‍ക്ക് കാനഡ ചുമത്തിയ തീരുവ അത് പോലെ തുടരുമെന്ന് കാര്‍ണി കൂട്ടിച്ചേര്‍ത്തു. കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം മാത്രമേ ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാവൂ എന്നും കാര്‍ണി വ്യക്തമാക്കി.
ട്രംപിന്റെ തീരുവ യുദ്ധം തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണി കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര യുദ്ധം കനക്കാനാണ് സാധ്യത. ഒട്ടാവയിലെ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ അധ്യക്ഷത വഹിച്ചു. രാജിവെച്ച ജസ്റ്റിന്‍ ട്രൂഡോ ഒഴികെ മറ്റ് മുന്‍ പ്രധാനമന്ത്രിമാര്‍, രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.