ന്യൂയോര്‍ക്ക് – ഇസ്‌ലാമോഫോബിയ മുസ്‌ലിംകള്‍ക്കു മാത്രമല്ല, ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണിയാണെന്ന് മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറലും അസോസിയേഷന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സ് ചെയര്‍മാനുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ പറഞ്ഞു. ന്യൂയോര്‍ക്കില്‍ യു.എന്‍ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടന്ന അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനാചരണ പരിപാടിയില്‍ നടത്തിയ മുഖ്യ പ്രഭാഷണത്തിലാണ് ഇസ്‌ലാമോഫോബിയ ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും ഭീഷണി സൃഷ്ടിക്കുന്നതായി ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ മുന്നറിയിപ്പ് നല്‍കിയത്. വിദ്വേഷ ഭാഷണത്തിന്റെ ഏറ്റവും ഭയാനകമായ പ്രകടനങ്ങളിലൊന്നാണ് ഇസ്‌ലാമോഫോബിയ. ഇത് മുസ്‌ലിംകള മാത്രമല്ല ദോഷകരമായി ബാധിക്കുക, മറിച്ച്, തീവ്രവാദത്തിനും സാമൂഹിക വിഭജനത്തിനും കാരണമാകും. ആധുനിക ഭരണഘടനകളും അന്താരാഷ്ട്ര നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വമായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പൗരത്വത്തെ വര്‍ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ ഭീഷണിപ്പെടുത്തുന്നു. വിവേചനം, ഒഴിവാക്കല്‍, അടിസ്ഥാന അവകാശങ്ങളുടെ നിഷേധം എന്നിവയുള്‍പ്പെടെ മുസ്‌ലിംകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നതായി വിശ്വസനീയമായ സ്ഥിതിവിവര കണക്കുകള്‍ സൂചിപ്പിക്കുന്നു. ചില മുസ്‌ലിം സമൂഹങ്ങളുടെ പ്രാന്തവല്‍ക്കരണം സമൂഹങ്ങളുമായി ലയിക്കാനുള്ള അവരുടെ കഴിവ് പരിമിതപ്പെടുത്തുന്നു. ലോകമെമ്പാടുമുള്ള 200 കോടിയോളം വരുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സത്തയെ ഉള്‍ക്കൊള്ളുന്നു.
ഹേ മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു, നിങ്ങള്‍ പരസ്പരം അറിയേണ്ടതിന് നിങ്ങളെ ജനവിഭാഗങ്ങളും ഗോത്രങ്ങളും ആക്കിയിരിക്കുന്നു എന്ന ഖുര്‍ആന്‍ വാക്യത്തില്‍ പ്രതിഫലിക്കുന്നതു പോലെ, വൈവിധ്യമാര്‍ന്ന മത, വംശീയ, സാംസ്‌കാരിക ഗ്രൂപ്പുകളുമായി മുസ്‌ലിംകള്‍ നല്ല രീതിയില്‍ ഇടപെടുന്നു. ഇസ്‌ലാമോഫോബിയ വെറുമൊരു മതപരമായ പ്രശ്‌നമല്ല, മറിച്ച്, ആഗോള സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും അപകടമുണ്ടാക്കുന്ന ഒരു മാനുഷിക പ്രതിസന്ധിയാണ്. ഇസ്‌ലാമോഫോബിയയെ കുറിച്ച് ഈ അന്താരാഷ്ട്ര വേദിയില്‍ നമ്മള്‍ സംസാരിക്കുമ്പോള്‍, ഇസ്‌ലാമിനു വേണ്ടി പ്രതിരോധിക്കുക മാത്രമല്ല, സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളുകയാണ് ചെയ്യുന്നത്.
വിദ്വേഷം വളര്‍ത്തുന്ന രാഷ്ട്രീയ പ്രചാരണങ്ങള്‍, മാധ്യമ പക്ഷപാതം, ഭയവും വിഭജനവും വളര്‍ത്തുന്ന നയങ്ങള്‍ എന്നിവയെ നിരാകരിക്കുന്നു. വിഭജന വാചാടോപങ്ങള്‍ അപലപനീയമാണ്. മതാനുയായികളെ വെറുപ്പിന്റെയും വിവേചനത്തിന്റെയും ലക്ഷ്യങ്ങളാക്കരുത്. വംശീയ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങള്‍ വേണ്ട. രാഷ്ട്രീയ നേട്ടത്തിനായി ഭയം വളര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ വേണ്ട. അസഹിഷ്ണുത വളര്‍ത്തുന്ന മാധ്യമങ്ങള്‍ വേണ്ട. വ്യാജങ്ങള്‍ പ്രചരിപ്പിക്കുന്ന വേദികള്‍ വേണ്ട. ഏകദേശം 200 കോടി ആളുകള്‍ പിന്തുടരുന്ന ഒരു വിശ്വാസവുമായി ഭീകരതയെ ബന്ധിപ്പിക്കരുത്. ഇസ്‌ലാമിനെ കുറിച്ചും അതിന്റെ സമാധാനത്തില്‍ ഊന്നിയുള്ള അധ്യാപനങ്ങളെ കുറിച്ചുമുള്ള സത്യം ലോകം തിരിച്ചറിയണം. സ്വന്തം അജണ്ടക്കായി മതത്തെ വളച്ചൊടിക്കുന്ന തീവ്രവാദികളെ തള്ളിക്കളയുന്നു. സഹിഷ്ണുതയിലും പരസ്പര ധാരണയിലും അധിഷ്ഠിതമായ ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാന്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. യുവാക്കള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ പറഞ്ഞു.
ഇസ്‌ലാമോഫോബിയ ചെറുക്കുന്നതിലും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സഖ്യങ്ങള്‍ വളര്‍ത്തുന്നതിലും മതപരമായ സഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതിലും മുസ്‌ലിം വേള്‍ഡ് ലീഗ് വഹിക്കുന്ന പങ്കിനുള്ള ആഗോള അംഗീകാരത്തെ യു.എന്‍ ജനറല്‍ അസംബ്ലി പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനുള്ള ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസക്കുള്ള ക്ഷണം പ്രതിഫലിപ്പിക്കുന്നു. വിദ്വേഷ പ്രസംഗത്തെ അഭിസംബോധന ചെയ്യുന്നതിലും ബഹുമത സംഭാഷണം ശക്തിപ്പെടുത്തുന്നതിലും സംഘടനക്കുള്ള സ്വാധീനത്തിനും ഇത് അടിവരയിടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group