റിയാദ്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരങ്ങളെ തൊട്ടറിയാനും വിവിധ വിനോദങ്ങള്‍ ആസ്വദിക്കാനും റിയാദ് ഹിത്തീന്‍ സ്ട്രീറ്റില്‍ ആരംഭിച്ച ബുളവാഡ് വേള്‍ഡിലേക്കുള്ള പ്രവേശന ടിക്കറ്റ് റമദാന്‍ പ്രമാണിച്ച് 10 റിയാല്‍ ആണെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ് സീസണിന്റെ ഭാഗമായി തുറന്ന ഈ വിനോദ നഗരി റമദാന്‍ 20 ന് ശേഷം അടക്കും.
വിബുക്ക് ആപ്ലിക്കേഷന്‍ വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്. 60 വയസ്സിന് മുകളിലുളളവര്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്കും ടിക്കറ്റ് ആവശ്യമില്ല. നേരത്തെ 30 റിയാല്‍ ആയിരുന്നു സാധാരണ ദിവസങ്ങളില്‍ ടിക്കറ്റിന് ഈടാക്കിയിരുന്നത്.

വിവിധ രാജ്യങ്ങളിലെ നോമ്പനുഭവങ്ങളും ഭക്ഷ്യവസ്തുക്കളും ഇവിടെ അനുഭവിക്കാനുള്ള അവസരമുണ്ട്. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകള്‍ക്ക് പുറമെ ഇറ്റലി, അമേരിക്ക, യുകെ, ഫ്രാന്‍സ്, മൊറോക്കോ, ഗ്രീസ്, ഇന്ത്യ, ചൈന, ജപ്പാന്‍, സ്‌പെയിന്‍, മെക്‌സികോ, ഈജിപ്ത്, തായ്‌ലന്റ്, തുര്‍ക്കി, ഇറാന്‍, സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, കൊറിയ, ഉഗാണ്ട, ബ്രസീല്‍ രാജ്യങ്ങളുടെ പ്രത്യേക പവലിയനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. താജ്മഹല്‍ അടക്കമുള്ള സാംസ്‌കാരിക ചരിത്ര സ്മാരകങ്ങള്‍ രൂപപ്പെടുത്തിയ ഇവിടെ ഇന്ത്യയുടെ നനാത്വത്തില്‍ ഏകത്വം ആസ്വദിക്കാനാകും. വൈകുന്നേരം അഞ്ചുമുതല്‍ രാത്രി രണ്ടുവരെയാണ് പ്രവേശനം.