ന്യൂഡൽഹി: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കാർമാർ നടത്തുന്ന അനിശ്ചിതകാല സമരം ലോക്സഭയിൽ ഉന്നയിച്ച് കേരളത്തിൽ നിന്നുള്ള എംപിമാർ. കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാൽ, ശശി തരൂർ, വികെ ശ്രീകണ്ഠൻ എന്നിവരാണ് ശൂന്യവേളയിൽ വിഷയം ഉന്നയിച്ചത്. ആശാവർക്കാർമാർക്ക് 233 രൂപയാണ് ദിവസവേതനം. അതുതന്നെ കേരളത്തിൽ കൃത്യമായി സർക്കാർ നൽകുന്നില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
‘രാജ്യത്തിന്റെ ആരോഗ്യ രംഗത്തെ മുൻനിര പോരാളികളാണ് ആശാവർക്കർമാർ. സമാനതകളില്ലാത്ത സേവനമാണ് അവർ സമൂഹത്തിനായി ചെയ്യുന്നത്. 2005ൽ യുപിഎ അവതരിപ്പിച്ച ഈ പദ്ധതി ഇപ്പോൾ രണ്ട് പതിറ്റാണ്ട് തികയുകയാണ്. കേരളത്തിലെ ആശാ വർക്കർമാർ കേരള സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധത്തിലാണ്. അവർ അർഹിക്കുന്ന സേവന വേതന വ്യവസ്ഥകൾക്ക് വേണ്ടിയാണ് തെരുവിലെ ഈ സമരം.
സംസ്ഥാന സർക്കാർ കേന്ദ്രത്തെയും കേന്ദ്രം സംസ്ഥാനത്തെയും കുറ്റപ്പെടുത്തുന്നു. ആരാണ് അവരെ സഹായിക്കേണ്ടത്? തെലങ്കാന, കർണാടക പോലുള്ള ചില സംസ്ഥാനങ്ങൾ പരമാവധി വേതനം അവർക്ക് നൽകുന്നത് നമ്മൾ കണ്ടില്ലെന്ന് നടിക്കരുത്. ശമ്പളമില്ലാതെ ആരാണ് ജോലി ചെയ്യുക? പ്രതിമാസം 21000 രൂപ എന്ന ഏകീകൃത വേതനം നിശ്ചയിക്കണം. കേന്ദ്രം ഇടപെട്ട് ചർച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കണം. അവർക്ക് വിരമിക്കൽ ആനുകൂല്യങ്ങളും നൽകണം’- കെസി വേണുഗോപാൽ പറഞ്ഞു.