ഗാസ – ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയില്‍ നരകം തുറന്നുവിടമെന്ന ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുഴുവന്‍ ബന്ദികളെയും ഉടന്‍ വിട്ടയക്കണമെന്ന് ഹമാസിനോട് ട്രംപ് ആഹ്വാനം ചെയ്തു. ഇത് ഹമാസിനുള്ള അന്തിമ മുന്നറിയിപ്പാണ്. ഹമാസ് നേതാക്കള്‍ ഗാസ വിട്ടുപോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്. ഹമാസ് നേതാക്കള്‍ ഗാസ വിടാനുള്ള സമയമായി. നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്. ഗാസയിലെ ജനങ്ങള്‍ക്കു മുന്നില്‍ മനോഹരമായ ഒരു ഭാവിയുണ്ട്. പക്ഷേ, നിങ്ങള്‍ ബന്ദികളെ പിടിച്ചുവെച്ചാല്‍ അങ്ങനെയാകില്ല. ബന്ദികളെ പിടിച്ചുവെക്കുന്നത് തുടര്‍ന്നാല്‍ നിങ്ങള്‍ ചാകും. ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ നരകം നേരിടേണ്ടിവരും. ജോലി തീര്‍ക്കാന്‍ ഇസ്രായിലിന് ആവശ്യമായതെല്ലാം ഞാന്‍ അയച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്. ഞാന്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗം പോലും സുരക്ഷിതനായിരിക്കില്ല – സ്വന്തം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രംപ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതി.
ബന്ദികളെ കുറിച്ച ട്രംപിന്റെ പ്രസ്താവനകള്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറാന്‍ ഇസ്രായിലിനെ പ്രേരിപ്പിക്കുന്നതായി ഹമാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ തുടരാന്‍ ഇസ്രായിലിനുമേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഹമാസ് അധികൃതരുമായി തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്ന സമയത്താണ് അമേരിക്കയും ഹമാസും ചര്‍ച്ചകള്‍ നടത്തുന്നത്. അമേരിക്കന്‍ ജനതയുടെ താല്‍പര്യം മുന്‍നിര്‍ത്തി ലോകമെമ്പാടുമുള്ള ആളുകളുമായി സംഭാഷണം നടത്തുകയും സംസാരിക്കുകയും ചെയ്യുക എന്നത് പ്രസിഡന്റ് തെളിയിച്ച കാര്യമാണ്. അത് സദുദ്ദേശ്യവും അമേരിക്കന്‍ ജനതക്ക് ശരിയായത് ചെയ്യാനുള്ള ശ്രമവുമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ഹമാസ് ഉദ്യോഗസ്ഥരുമായി അമേരിക്ക നേരിട്ട് ഇടപെടുന്നതിനെ കുറിച്ച് ഇസ്രായിലുമായി കൂടിയാലോചിച്ചതായും ലെവിറ്റ് പറഞ്ഞു.
ഗാസയില്‍ തടവിലാക്കപ്പെട്ട അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നതിനെ കുറിച്ചും യുദ്ധം അവസാനിപ്പിക്കാനുള്ള വിശാലമായ ഒരു കരാറിന്റെ സാധ്യതയെ കുറിച്ചും ട്രംപ് ഭരണകൂടം ഹമാസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 1997 ല്‍ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച ഹമാസുമായി അമേരിക്ക ഒരിക്കലും നേരിട്ട് ഇടപെട്ടിട്ടില്ലാത്തതിനാല്‍ ബന്ദികാര്യങ്ങള്‍ക്കായുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ ദൂതന്‍ ആദം ബോഹ്ലര്‍ നടത്തിയ ചര്‍ച്ചകള്‍ അഭൂതപൂര്‍വമാണ്.
ഹമാസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നതിനെ കുറിച്ച് അമേരിക്ക തങ്ങളുമായി കൂടിയാലോചിച്ചതായി ഇസ്രായില്‍ സ്ഥിരീകരിച്ചു. അമേരിക്കയുമായുള്ള കൂടിയാലോചനകളില്‍, ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ച അഭിപ്രായം ഇസ്രായില്‍ പ്രകടിപ്പിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് ഹ്രസ്വ പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന അമേരിക്കന്‍ ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ സംഘവുമായി നേരിട്ട് ആശയവിനിമയങ്ങള്‍ നടത്തിയതായി ഹമാസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ പൗരത്വമുള്ള ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്ന വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ദോഹയില്‍ ഹമാസ് ഉദ്യോഗസ്ഥരും അമേരിക്കന്‍ ഉദ്യോഗസ്ഥരും തമ്മില്‍ ആശയവിനിമയങ്ങളും നേരിട്ടുള്ള രണ്ടു കൂടിക്കാഴ്ചകളും നടന്നിരുന്നു. അമേരിക്കന്‍ പൗരത്വമുള്ള ഇസ്രായിലി ബന്ദികളില്‍ ചിലര്‍ ജീവിച്ചിരിപ്പുണ്ട്, മറ്റു ചിലര്‍ മരിച്ചു – പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഹമാസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ കുറിച്ച് ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഈയാഴ്ച ദോഹയിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഹമാസിന്റെ ഭാഗത്തു നിന്ന് പുരോഗതിയൊന്നും കാണാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം യാത്ര റദ്ദാക്കിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഗാസ സംഘര്‍ഷത്തോടുള്ള ട്രംപിന്റെ സമീപനം. ഹമാസിന് നരകം നല്‍കുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണികളും ഗാസ അമേരിക്ക ഏറ്റെടുക്കുമെന്ന നിര്‍ദേശവും ഇതില്‍ ഉള്‍പ്പെടുന്നു. ഇസ്രായിലിന്റെ അനുമതിയില്ലാതെ നിലവിലെ അമേരിക്കന്‍ ഭരണകൂടം ഹമാസുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നതും മുന്‍ യു.എസ് ഭരണകൂടങ്ങള്‍ സ്വീകരിക്കാത്ത മറ്റൊരു നടപടിയാണ്.
ഗാസയില്‍ ഇപ്പോഴും 59 ബന്ദികള്‍ ഹമാസിന്റെ തടവിലുണ്ട്. ഇതില്‍ 35 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. 22 ബന്ദികള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മറ്റ് രണ്ടു പേരുടെ അവസ്ഥ അജ്ഞാതമാണെന്നും ഇസ്രായിലി ഇന്റലിജന്‍സ് വിശ്വസിക്കുന്നു. ഗാസയില്‍ ശേഷിക്കുന്ന ബന്ദികളില്‍ അഞ്ചു അമേരിക്കക്കാരും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ പെട്ട 21 വയസുകാരനായ ഐഡന്‍ അലക്‌സാണ്ടര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമായ 42 ദിവസത്തെ വെടിനിര്‍ത്തല്‍ കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ആദ്യ ഘട്ടം ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ ഹമാസിനും ഇസ്രായിലിനും ധാരണയിലെത്താന്‍ കഴിഞ്ഞിട്ടില്ല. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തെ കുറിച്ച ഗൗരവമായ ചര്‍ച്ചകളും ആരംഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group