കൊച്ചി -പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ. മഅ്ദനിയുടെ അടുത്തബന്ധുവായ യുവാവാണ് കിഡ്‌നി ദാനം ചെയ്യുന്നത്. കിഡ്‌നി മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖകളെല്ലാം നേരത്തെതന്നെ തയാറായിരുന്നു. മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ വൈകിയത്. ഇപ്പോഴും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമല്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇടയ്ക്കിടെയുണ്ടാകുന്ന ബോധക്ഷയവും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ആഴ്ചയില്‍ അഞ്ചുദിവസംവരെ ഡയാലിസിസ് നടത്തിവരുന്നസാഹചര്യമായിരുന്നു. ഇതേത്തുടര്‍ന്നാണ് കിഡ്‌നി മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. കിഡ്‌നി മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ടെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മഅ്ദനിയുടെ കിഡ്‌നി നല്‍കുന്നയാളിന്റെയും രക്തപരിശേധനയും മറ്റുമാണ് പൂര്‍ത്തീകരിച്ചത്്.
ഭാര്യയും മകനും അടുത്ത ബന്ധുക്കളും ഏതാനും ചില പി.ഡി.പി പ്രവര്‍ത്തകരും പൂര്‍ണസമയം മഅ്ദനിയോടൊപ്പം ആശുപത്രിയിലുണ്ട്. ആരോഗ്യപരമായി താന്‍ വളരെ പ്രതിസന്ധിയിലാണെന്നും എല്ലാവരും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന് അബ്ദുല്‍ നാസര്‍ മഅ്ദനി ഫേസ്ബുക്കിലൂടെ കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്ച കിഡ്‌നി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ്ക്ക് വിധേയനാകുന്നകാര്യവും അദ്ദേഹത്തിന്റെ ശബ്ദസന്ദേശത്തിലുണ്ട്. ശരീരം വിറയ്ക്കുന്നതും അടിക്കടി ബോധക്ഷയം ഉണ്ടാകുന്നതും രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകാത്തതും ശസ്ത്രക്രിയയെ ബാധിക്കാതിരിക്കാന്‍ പ്രാര്‍ഥന നടത്തണമെന്നാണ് മഅ്ദനിയുടെ ശബ്ദസന്ദേശത്തിലെ അഭ്യര്‍ഥന. ഇരിക്കാന്‍ കഴിയാത്തതിനാല്‍ നിസ്‌കരിക്കുമ്പോള്‍ മറിയുന്ന അവസ്ഥയാണ്. വൃക്കകളുടെ തകരാറിനൊപ്പം കുടലില്‍ കണ്ടെത്തിയ തടിപ്പും കാലിലെ മരവിപ്പും കൂടുതല്‍ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും പറയുന്നു.