ജിസാൻ: ജിസാനിലെ പ്രവാസി മലയാളികളുടെ പുരോഗമന മതേതര കലാ-സാംസ്‌കാരിക കൂട്ടായ്‌മയായ ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ്റെ (ജല) കേന്ദ്ര സമ്മേളനം, പ്രവാസികൾ നേരിടുന്ന ഗൗരവകരമായ നിരവധി പ്രശ്നങ്ങളെയും പുതിയ കാലത്തെ സാംസ്‌കാരിക അധിനിവേശങ്ങളെയും സംബന്ധിച്ചുള്ള ചർച്ചകളും സംവാദങ്ങളും കൊണ്ട് ശ്രദ്ധേയമായി. ജിസാൻ മുഗൾ റസ്റ്ററന്റ് ഹാളിൽ നടന്ന കേന്ദ്ര സമ്മേളനം ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക പ്രവർത്തകനുമായ ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്‌തു. ജല വൈസ് പ്രസിഡന്റ് ഡോ.രമേഷ് മൂച്ചിക്കൽ ഉദ്ഘാടന സെഷനിൽ താൽക്കാലിക അധ്യക്ഷനായിരുന്നു.
താഹ കൊല്ലേത്ത്, ദേവൻ വെന്നിയൂർ, മൊയ്തീൻ ഹാജി ചേലക്കര,സണ്ണി ഓതറ എന്നിവർ സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സലാം കൂട്ടായി സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്‌തു. ഫൈസൽ മേലാറ്റൂർ,സതീഷ് കുമാർ നീലാംബരി, സലാം കൂട്ടായി, അനീഷ് നായർ, ഡോ.ജോ വർഗീസ്, ഹനീഫ മുന്നിയൂർ,ഡോ. രമേശ് മൂച്ചിക്കൽ എന്നിവരും രക്ഷാധികാരി സമിതി അംഗങ്ങളുമടങ്ങിയ പ്രസീഡിയം പ്രതിനിധി സമ്മേളനവും അനുബന്ധ സമ്മേളന നടപടികളും നിയന്ത്രിച്ചു.

പ്രതിനിധി സമ്മേളനത്തിൽ ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഡോ.ജോ വർഗീസ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് എം.കെ ഓമനക്കുട്ടൻ, ബിനു ബാബു, എ.കെ.പി.സഹൽ, മുരളി, നിസാർ, വർഗീസ് കോശി, മനോജ്, ഫിറോസ് പട്ടാമ്പി, ശ്രീകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലോകത്ത് പ്രവാസികളിൽ നിന്ന് ഏറ്റവും കൂടുതൽ വിദേശനാണ്യം നേടുന്ന രാജ്യമായ ഇന്ത്യയിൽ പ്രവാസികൾക്കായി ഇതുവരെയും ഒരു രൂപയുടെ സാമ്പത്തിക പങ്കാളിത്തമുള്ള പദ്ധതിയും കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും ദുർബലരായ പ്രവാസികളെ സഹായിക്കുന്നതിനുമായി കേരള സർക്കാർ പദ്ധതിപോലെ പോലെ കേന്ദ്ര സർക്കാർ ദേശീയതലത്തിൽ ക്ഷേമനിധി രൂപവൽക്കരിക്കുകയും പ്രവാസി പദ്ധതി ആവിഷ്‌കരിക്കുകയും ചെയ്യുക, പ്രവാസി നിക്ഷേപങ്ങൾ കൊണ്ട് പ്രവർത്തിക്കുന്ന പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവാസികൾക്ക് തൊഴിൽ സംവരണം ഏർപ്പെടുത്തുക, കേരള സർക്കാരിൻറെ പ്രവാസി ക്ഷേമനിധി പെൻഷൻ വർധിപ്പിക്കുക, കേന്ദ്ര സർക്കാരിൻറെ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ വിവിധ പ്രശ്‌നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രമേയങ്ങൾ ഡോ.രമേഷ് മൂച്ചിക്കൽ, അനീഷ് നായർ, ഹനീഫ മൂന്നിയൂർ, നൗഷാദ് പുതിയതോപ്പിൽ, അന്തുഷ ചെട്ടിപ്പടി, ഗഫൂർ പൊന്നാനി എന്നിവർ അവതരിപ്പിച്ചു. ജിസാനിലെ പ്രവാസി രംഗത്ത് കഴിഞ്ഞ വ്യാഴവട്ടത്തിലധികമായി ജല നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സമ്മേളനം വിലയിരുത്തി. സമാപന സമ്മേളനത്തിൽ കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന അവലോകനവും ഭാവിപരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചു.
പ്രവാസികൾക്കിടയിൽ മാനവികതയ്ക്കും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുന്ന നിരവധി കലാ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപം നൽകി. പുതിയ കേന്ദ്രകമ്മിറ്റിയുടെയും ഭാരവാഹികളുടെയും തെരഞ്ഞെടുപ്പിന് രക്ഷാധികാരി താഹ കൊല്ലേത്ത് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ജോർജ് തോമസ് നന്ദി പറഞ്ഞു.
വെന്നിയൂർ ദേവൻ (മുഖ്യ രക്ഷാധികാരി), താഹ കൊല്ലേത്ത്, സലാം കൂട്ടായി, മൊയ്തീൻ ഹാജി ചേലക്കര, സണ്ണി ഓതറ, എം.കെ.ഓമനക്കുട്ടൻ, മനോജ് കുമാർ, സതീഷ് കുമാർ നീലാംബരി (രക്ഷാധികാരിമാർ), ഫൈസൽ മേലാറ്റൂർ (പ്രസിഡൻറ്), ഹനീഫ മൂന്നിയൂർ, ഡോ. രമേശ് മൂച്ചിക്കൽ (വൈസ് പ്രസിഡന്റുമാർ), സലാം കൂട്ടായി (ജനറൽ സെക്രട്ടറി), അനീഷ് നായർ, സണ്ണി ഓതറ (സെക്രട്ടറിമാർ), ഡോ.ജോ വർഗീസ് (ട്രഷറർ) മനോജ് കുമാർ (ചെയർമാൻ, ജീവകാരുണ്യ വിഭാഗം) ജോജോ തോമസ് (കൺവീനർ), സതീഷ് കുമാർ നീലാംബരി (ചെയർമാൻ, കലാ-സാംസ്‌കാരിക വിഭാഗം) ജബ്ബാർ പാലക്കാട് (കൺവീനർ), ഗഫൂർ പൊന്നാനി (ചെയർമാൻ, കായിക വിഭാഗം) ജോർജ് തോമസ് (കൺവീനർ) നൗഷാദ് പുതിയതോപ്പിൽ (ചെയർമാൻ, മീഡിയ വിഭാഗം) മുനീർ നീരോൽപ്പാലം, ഹർഷദ് അമ്പയകുന്നുമ്മേൽ (കൺവീനർമാർ) എന്നിവർ ഭാരവാഹികളായ 45 അംഗ കേന്ദ്രകമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.