ദുബായ്: വിരാട് കോഹ്ലിയാണോ ബാബര്‍ അസമാണോ ഏറ്റവും മികച്ച ബാറ്റര്‍? ഇവരില്‍ ആരാണ് ഏറ്റവും മനോഹരമായി കവര്‍ ഡ്രൈവ് കളിക്കുന്നത്? ക്രിക്കറ്റ് ആരാധകരുടെ ഈ ചോദ്യങ്ങളിലെ ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കും. ആരാധകര്‍ തമ്മില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കും. എന്നാല്‍ കോഹ്ലിയേയും ബാബറിനേയും സംബന്ധിച്ച് ഇരുവര്‍ക്കും ഇടയില്‍ അങ്ങനെ ഒരു മത്സരമില്ല. അത് വ്യക്തമാക്കുന്ന ഹൃദ്യമായൊരു രംഗമാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്ന് വന്നത്.
ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ സ്‌കോര്‍ വേണ്ടത്ര ഉയര്‍ത്താന്‍ ബാബര്‍ അസമിന് സാധിച്ചില്ല. 26 പന്തില്‍ നിന്ന് 23 റണ്‍സ് എടുത്ത ബാബറിനെ ഹര്‍ദിക് പാണ്ഡ്യ പുറത്താക്കി. പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ ഒന്‍പതാം ഓവറിലാണ് ബാബര്‍ പുറത്തായത്. ചാംപ്യന്‍സ് ട്രോഫിയില്‍ കോഹ്ലിയാകുമോ ബാബറായിരിക്കുമോ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇരുവര്‍ക്കും ഇടയില്‍ നല്ല സൗഹൃദം നിലനില്‍ക്കുന്നു എന്ന വ്യക്തമാക്കുന്ന നിമിഷമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
മത്സരം ആരംഭിക്കുന്നതിന് മുന്‍പ് കോഹ്ലിയും ബാബറും തമ്മില്‍ സംസാരിച്ചു. കോഹ്ലിയും ബാബറും പരസ്പരം കൈകൊണ്ട് പുറത്ത് തട്ടി സൗഹൃദം പ്രകടിപ്പിച്ചു. മനോഹരമായ നിമിഷം എന്നാണ് ഇത് ചൂണ്ടി ആരാധകര്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായി.
ബാബറിന് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല എങ്കിലും കോഹ്ലി ഫോമിലേക്ക് ഉയരുന്നത് ദുബായില്‍ കണ്ടു.സെഞ്ചുറിയോടെ താരം ടീമിന്റെ വിജയശില്‍പ്പിയും ആയി.