റിയാദ്: പെണ്‍കുട്ടികളും യുവാക്കളും കുട്ടികളും പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് സൗദി അറേബ്യയുടെ സ്ഥാപക ദിനം വിവിധ പ്രവിശ്യകളില്‍ ആഘോഷിച്ചു. പൈതൃകം സംരക്ഷിക്കാനുള്ള യുവ ജനതയുടെ ആവേശം 300 വര്‍ഷത്തെ ചരിത്രവുമായുള്ള സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതായി. എല്ലാ പ്രവിശ്യകളിലും സംഘടിപ്പിച്ച സാംസ്‌കാരിക, പൈതൃക, വിനോദ പരിപാടികളിലേക്ക് സ്വദേശികളും വിദേശികളും ഒഴുകിയെത്തി.
ഭൂത കാലത്തോടുള്ള തങ്ങളുടെ അഭിമാനവും വിലമതിപ്പും പ്രകടിപ്പിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ദേശീയ വാക്യങ്ങള്‍ പങ്കുവെക്കാനും എല്ലാവരും മത്സരിച്ചു. രാജ്യത്ത് സുരക്ഷയും സമൃദ്ധിയും കൊണ്ടുവന്ന ഇമാമുമാരുടെയും രാജാക്കന്മാരുടെയും ഇതിഹാസങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഇന്നത്തെ സമ്പന്നമായ യുഗം വരെ അവരുടെ വിഷയങ്ങളായി.
ഒന്നും രണ്ടും സൗദി രാഷ്ട്രങ്ങള്‍ സ്ഥാപിതമായതിന് ശേഷമുള്ള മൂന്ന് നൂറ്റാണ്ടുകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ അസ്തിത്വത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൗദി അറേബ്യ ‘സ്ഥാപക ദിനം’ ആഘോഷിച്ചുവരുന്നത്. അബ്ദുല്‍ അസീസ് രാജാവ് സ്ഥാപിച്ച മുന്നാമത്തെ സൗദി രാഷ്ട്രമാണ് ഇപ്പോള്‍ നില നില്‍ക്കുന്നത്.