ഫെബ്രുവരി 21 വെള്ളിയാഴ്ച പുലർച്ചെ 2 മണിക്ക് നാട്ടിൽ നിന്നും സുഹൃത്ത് എം ആർ കെ മജീദിന്റെ ഒരു വാട്ട്സ് ആപ്പ് മെസ്സേജ്. “നമ്മുടെ അഞ്ചപ്പുരയിലെ മൂസാഹാജിയുടെ മകൻ മുത്തു ജിദ്ദയിൽ മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതമാണ്. നേരം പാതിരാത്രി ആയതിനാൽ ആരെയും വിളിച്ചു അന്വേഷിക്കാൻ പറ്റുന്നില്ല, നീ നിന്റെ പരിചയത്തിലുള്ള ആരെയെങ്കിലും ബന്ധപ്പെട്ട് വേണ്ട വിവരം തരുമോ.”
ഒരു രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ഓട്ടത്തിനിടയിലാണ് ആംബുലൻസ് ഡ്രൈവർ കൂടിയായ മജീദ് ഈ സന്ദേശം അയച്ചത്. നാട്ടിലെ സാമൂഹ്യ സേവനരംഗത്ത് നിറഞ്ഞു നിൽക്കുന്ന മജീദിന്റെ മെസ്സേജ് കേട്ടപ്പോൾ ദമ്മാമിൽ ആണെങ്കിലും ഉടൻ തന്നെ അന്വേഷിച്ചു വേണ്ട വിവരങ്ങൾ നൽകാം എന്ന മറുപടി നൽകി.
ജിദ്ദയിലെ കെ.എം.സി.സിക്കാരുമായുള്ള ബന്ധം വെച്ച് ഞാൻ ജിദ്ദ കെ.എം.സി.സിയുടെ വാട്സ് ആപ് ഗ്രൂപ്പിൽ ഈ വിവരം അറിയിച്ചു. “ഒരു പരപ്പനങ്ങാടി സ്വദേശി ജിദ്ദയിൽ ഇപ്പോൾ മരണപ്പെട്ടിട്ടുണ്ട്, ആർക്കെങ്കിലും കൂടുതൽ വിവരങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണേ..”
കൂളത്ത് റഫീക്കും, കോഴിശ്ശേരി മുസ്തഫ സാഹിബും, ജെ.എൻ.എച്ചിലെ ഹാരിസ് ബാബുവും എന്റെ മെസ്സേജിന് കൃത്യമായ വിവരങ്ങൾ തന്നു. ലത്തീഫ് വെള്ളമുണ്ടയും, അഷ്‌റഫ് താഴേക്കോടും, റിഹേലിയിലെ നൗഫലും, സ്വാലിഹ് പൊയിൽതൊടിയും ഒക്കെ മരണപ്പെട്ട മുത്തുവിന്റെ താമസ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെ.എം.സി.സിയുടെ വെൽഫെയർ വിംഗിന്റെ ചെയർമാൻ മുഹമ്മദ് കുട്ടി സാഹിബ് മയ്യിത്ത് സംസ്കരണവുമായി ബന്ധപ്പെട്ട നടപടികൾക്കായി രംഗത്തുണ്ട് തുടങ്ങിയ വിവരങ്ങൾ ലഭിച്ചു. ആ വിവരങ്ങൾ അപ്പോൾ തന്നെ മജീദിനു കൈമാറി.
പാതിരാത്രിയിൽ വന്ന ആ മരണവാർത്തയുടെ ഷോക്കിൽ ചിന്തകൾ പല കോണിലൂടെ പാഞ്ഞു.
നാട്ടിൽ നിന്നും മെസേജ് തന്ന മജീദിനെ കുറിച്ചായി ചിന്ത. രണ്ടു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാടണഞ്ഞതാണ് മജീദ്. എന്റെ സഹപാഠി, ചെറുപ്പത്തിലേ ജീവിതഭാരങ്ങൾ പേറി പ്രവാസത്തിലേക്കു പറിച്ചു നടപ്പെട്ടവൻ. കെ.എം.സി.സി എന്ന നാമം അന്വർഥമാക്കാൻ വേണ്ടി സാദാ സമയം ഓടി നടന്നവൻ, ഓരോ പ്രവാസിയും ഏറെ ഒറ്റപ്പെട്ട കോവിഡ് കാലത്ത് പോലും പോസറ്റീവും, നെഗറ്റീവും നോക്കാതെ പോസറ്റീവ് ആയി ചിന്തിച്ചവൻ, കോവിഡ് പോസിറ്റീവ് ആയവരെ മാത്രം തേടി പിടിച്ചു ആശുപത്രികളിൽ എത്തിക്കാനും, അവരെ ചേർത്തു പിടിക്കാനും തയ്യാറായവൻ. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയിട്ടും രോഗികൾക്കും അശരണർക്കും താങ്ങായി ഓടുക തന്നെയാണ് മജീദ്, അങ്ങനെ ഒരോട്ടത്തിനിടയിലാണ് മജീദ് എനിക്ക് മുത്തുവിന്റെ മരണവാർത്ത അറിയിച്ചു സന്ദേശം വിടുന്നത്.
മജീദിൻ്റെ സന്ദേശ പ്രകാരം ഞാൻ അന്വേഷിക്കും മുമ്പെ തന്നെ കെ.എം.സി.സി ഇക്കാര്യത്തിൽ ഇടപെടാൻ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച അവധി ദിനമായിരുന്നിട്ടും മുഹമ്മദ് കുട്ടി സാഹിബിൻ്റെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫയർ വിംഗ് പെട്ടന്ന് നടത്തിയ ഇടപെടലിനും ഫലം കണ്ടു. മരണപ്പെട്ട പ്രിയപ്പെട്ട മുസ്തഫ എന്ന മുത്തുവിൻ്റെ മയ്യിത്ത് പിറ്റേ ദിവസം (ഫെബ്രുവരി 22) ശനിയാഴ്ച രാവിലെ ജിദ്ദയിലെ ഹയ്യൽ ഫൈഹ മസ്ജിദ് റഹ്‌മ ഖബർസ്ഥാനിൽ കബറടക്കി!
നമ്മളൊക്കെ ജീവിക്കുന്ന ചുറ്റുപാടുകളിലെ കണ്ണഞ്ചിപ്പിക്കുന്ന മായാവലയമല്ല പലർക്കും പ്രവാസം എന്ന് ഒരിക്കൽ കൂടി ബോധ്യമായി. ദൈന്യത മുറ്റിയ മുത്തുവിൻ്റെ പ്രവാസ ജീവിതം അറിഞ്ഞപ്പോഴാകട്ടെ
കണ്ണു നനഞ്ഞു പോയി. എട്ടു വർഷത്തോളം വിസ പ്രശ്നവും മറ്റുമായി നാട്ടിൽ പോകാൻ കഴിയാതെ കാത്തിരിപ്പിലായിരുന്നു മുത്തു. 4 വർഷമായി ഇഖാമയും തീർന്നിട്ടുണ്ടത്രെ. കമ്പനിയിൽ നിന്നും ഒമ്പത് മാസത്തെ ശമ്പളവും കിട്ടാനുണ്ട്. ഇപ്പോൾ ഒരു മാസമായി ജോലിക്ക് പോവാതെ, കമ്പനി വിസ ശരിയാക്കി, നാട്ടിൽ കയറ്റി വിടും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു…! നാട്ടിൽ നിന്ന് ഉമ്മക്ക് മുത്തുവിനെ കാണണം എന്ന അതിയായ നിർബന്ധവും! അങ്ങനെ രണ്ട് ദിവസത്തിനകം എക്സിറ്റ് അടിച്ചു കയറ്റി വിടാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം ക്ഷണിക്കാത്ത അതിഥിയായി വിരുന്നെത്തുന്നത്.
ഏതൊരു പ്രവാസിയെയും പോലെ മക്കൾക്കായി വാങ്ങിയ മിഠായികളും, കളിപ്പാട്ടങ്ങളും, ഈത്തപ്പഴവുമടക്കം നാട്ടിൽ കൊണ്ടു പോകാനുള്ള സാധനങ്ങൾ എല്ലാം മുത്തുവും
റൂമിൽ ഒരുക്കി വെച്ചിരുന്നു. പെട്ടിയിൽ അതെല്ലാം പാക്ക് ചെയ്യാൻ ഉമ്മയുടെ അനുജത്തിയുടെ മകൻ താഴെ വരാം എന്ന് പറഞ്ഞതായിരുന്നു. അവൻ വരുമ്പോഴേക്ക് ഭക്ഷണം കഴിക്കാനായി കമ്പനിയിലെ ജോലിക്കാരൻ വിളിക്കുന്നു, മുത്തു ഫോൺ എടുക്കുന്നില്ല..! റൂമിൽ പോയി കതക് തുറന്നപ്പോൾ ..
ചുമരിൽ ചാരി ഇരിക്കുന്ന നിലയിലാണ് മുത്തു, വിളിച്ചപ്പോൾ ഒരനക്കവും ഇല്ല!
ജീവിതത്തിൻ്റെ ഘടികാരം നിലക്കുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് വരെ എല്ലാവരോടും ചിരിയും തമാശയും ഒക്കെ പറഞ്ഞു പോയ മനുഷ്യൻ, മക്കൾക്കു വാങ്ങിയ മിഠായിപ്പൊതികളും മറ്റും ബാക്കിയാക്കി
അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു. ഏഴര വർഷത്തിന് ശേഷം ഉമ്മയെയും, ഭാര്യയെയും മക്കളെയും കാണാൻ ഉളള കൊതിയോടെ കാത്തിരുന്ന മനുഷ്യൻ.. ഇപ്പോൾ ജിദ്ദയിലെ ഹയ്യൽ ഫൈഹ മസ്ജിദ് റഹ്‌മ ഖബർസ്ഥാനിൽ അന്തിയുറങ്ങുകയാണ്.
മുത്തു എനിക്ക് സുഹൃത്താണ്. പ്രിയപ്പെട്ടവനാണ്, പക്ഷെ… മുത്തുവിൻ്റെ മയ്യിത്തുമായി ബന്ധപ്പെട്ട് ആ പാതിരാത്രിയിലും ഇറങ്ങിപ്പുറപ്പെട്ട കെ.എം.സി.സിക്കാർ, അവർക്കാർക്കും മുത്തു ആരുമല്ല,
ഒരു പക്ഷെ മുമ്പ് ഒരിക്കൽ പോലും ഇവരാരും മുത്തുവിനെ നേരിട്ട് കണ്ടിട്ട് പോലുമുണ്ടാവില്ലല്ലോ .. എന്നിട്ടും ആ പാതിരാത്രിയിൽ മരണവിവരം അറിഞ്ഞയുടനെ ആരോരുമില്ലാത്ത,
ഒരു പരിചയവുമില്ലാത്ത.. സഹജീവിയുടെ ജീവനറ്റ മയ്യിത്തിനു വേണ്ടി ഇങ്ങനെ ഇറങ്ങി പുറപ്പെടാൻ പറ്റുന്നവരുടെ പേരാണ് കെ.എം.സി.സി. ഒരിക്കൽ കൂടി അക്കാര്യം ബോധ്യപ്പെട്ടിരിക്കുന്നു.
കെ.എം.സി.സി പ്രവർത്തകർ രാവും പകലും മറന്ന് ഇങ്ങനെ സാദാ സേവനനിരതരാണ്.. പ്രവാസം ഒറ്റപ്പെടലല്ലെന്ന് ഓർമ്മപ്പെടുത്തുന്നത് ഇവരൊക്കെയാണ്.